സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത; മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ തലവെട്ടി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗഹാറിലാണ് രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സഹോദരന്‍മാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തിയത്.
11 കര്‍ഷകരെയും അവര്‍ തട്ടിക്കൊണ്ടുപോയെങ്കിലും രണ്ടുപേരെ വിട്ടയച്ചു. സ്വകാര്യാശുപത്രിയില്‍ ഡോക്ടറായ നിസാര്‍ (27), പ്രതിരോധ കുത്തിവയ്പിനുവേണ്ടി ബോധവല്‍ക്കരണം നടത്തുന്ന നയീം(24), മെഡിക്കല്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ വഹാബ്(19) എന്നിവരാണു കൊല്ലപ്പെട്ടത്. ഭീകരര്‍ ഇവരെ കൂട്ടിക്കൊണ്ടുപോയ ശേഷം ശിരസ്സറ്റ മൃതദേഹങ്ങളാണു കണ്ടെടുത്തത്.
ഡോക്ടറായിരുന്ന ഇവരുടെ പിതാവിനെയും കഴിഞ്ഞ വര്‍ഷം ഐഎസ് വധിച്ചിരുന്നു. നന്‍ഗഹാറിലെ തന്നെ റോഡറ്റ് ജില്ലയില്‍ നിന്നാണു കറുപ്പുപാടത്തു പണി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരെ തട്ടിക്കൊണ്ടുപോയത്. ഇതേസമയം, കഴിഞ്ഞ ദിവസം കാബുളിലെ വോട്ടര്‍ റജിസ്‌ട്രേഷന്‍ കേന്ദ്രത്തിനു സമീപം 57 പേരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല