സ്വന്തം ലേഖകന്‍: ഇറാന്‍ പാര്‍ലമെന്റിലും ഷിയാ തീര്‍ഥാടന കേന്ദ്രത്തിലും ആക്രമണം നടത്തിയത് തങ്ങളെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാന്‍ പാര്‍ലമെന്റിലും ആത്മീയ നേതാവായിരുന്ന അയത്തുള്ള ഖൊമേനിയുടെ ശവകുടീരത്തിലും ഭീകരര്‍ നടത്തിയ വെടിവെപ്പിലും ബോംബ് സ്‌ഫോടനത്തിലുമാണ് 12 പേര്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. പാര്‍ലമെന്റ് മന്ദിരത്തിന്റെ നാലം നിലയിലെത്തിയ ചാവേര്‍ പോരാളിയാണ് സ്‌ഫോടനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖൊമേനിയുടെ ശവകുടീരത്തില്‍ പൊട്ടിത്തെറിച്ചത് വനിതാ ചാവേര്‍ പോരാളിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ആറ് ഗ്രനേഡുകളുമായി മറ്റൊരു വനിതയെ ശവകുടിരത്തിന് സമീപത്തുനിന്ന് പിടികൂടിയിട്ടുണ്ട്. ഇറാനിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ആയത്തുള്ള ഖൊമേനിയുടെ ശവകുടീരം സ്‌ഫോടനത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞു കയറിയവര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്. വെടിവെയ്പുണ്ടായ ഉടന്‍ സുരക്ഷാ സേന പാര്‍ലമെന്റ് മന്ദിരം പൂര്‍ണമായും വളഞ്ഞു. എ.കെ 47 റൈഫിളുകളും കലാഷ്‌നിക്കോവ് റൈഫിളുകളും ഉപയോഗിച്ചാണ് തീവ്രവാദികള്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ വെടിവെപ്പ് നടത്തിയത്.
ഇറാനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആസൂത്രണം ചെയ്യുന്ന ആദ്യ ഭീകരാക്രമണമാണിത്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 42 പേര്‍ക്ക് പരിക്കേറ്റു എന്നാണ് ഐആര്‍ബിഐ പറയുന്നത്. ആക്രമണത്തെ വിവിധ ലോകനേതാക്കള്‍ അപലപിച്ചു. മജ്‌ലിസ് എന്ന വിളിക്കുന്ന ഇറാന്റെ പാര്‍ലമെന്റ് ചേര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ത്തന്നെയായിരുന്നു ചാവേര്‍ ആക്രമണം.
സ്ത്രീകളുടെ വേഷത്തിലാണ് ഭീകരര്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നത്. സന്ദര്‍ശകര്‍ക്കുള്ള മുറിയിലൂടെ കടന്ന് തുടര്‍ച്ചയായി നിറയൊഴിച്ച് ഇടനാഴിയിലൂടെ പാര്‍ലമെന്റ് ഹാളിനുള്ളില്‍ കടക്കാനായിരുന്നു ശ്രമം. എന്നാല്‍ സുരക്ഷാ സേന ആ നീക്കം പരാജയപ്പെടുത്തി. ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുമ്പോഴും പാര്‍ലമെന്റിലെ നടപടികള്‍ തുടര്‍ന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ഒരു ഭീകരന്‍ വെടിയുതിര്‍ത്തു കൊണ്ട് പാര്‍ലമെന്റിന്റെ ഇടനാഴിയിലൂടെ ഓടുന്ന ദൃശ്യമാണിത്. പാര്‍ലമെന്റില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് കുറച്ച് അകലെയുള്ള അയത്തൊള്ള ഖുമേനിയുടെ ശവകുടീരത്തിലേക്ക് നാലു ഭീകരരുടെ മറ്റൊരു സംഘം ഇരച്ചു കയറിയത്. ഖുമേനിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്ന സമയമായിരുന്നു ഇത്. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ സൈനിക നീക്കത്തിലെ പ്രധാന പങ്കാളിയായിരുന്നു ഇറാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല