സ്വന്തം ലേഖകന്‍: തെക്കന്‍ ജര്‍മനിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത് ഐഎസ് ബന്ധമുള്ള സിറിയന്‍ അഭയാര്‍ഥി. നൂറംബര്‍ഗ് നഗരത്തിനു സമീപമുള്ള അന്‍സ്ബാക്ക് പട്ടണത്തില്‍ ഞായറാഴ്ച പൊട്ടിത്തെറിച്ച സിറിയന്‍ അഭയാര്‍ഥിക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
2500 ഓളം പേര്‍ പങ്കെടുക്കുന്ന സംഗീതക്കച്ചേരി ഹാളില്‍ വന്‍ സ്‌ഫോടനം നടത്താനായി സ്‌ഫോടകവസ്തുനിറച്ച ബാഗുമായാണ് അക്രമി എത്തിയത്. സംഗീതക്കച്ചേരിക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നു സമീപത്തുള്ള കഫേയ്ക്കു വെളിയില്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അക്രമി മാത്രമേ കൊല്ലപ്പെട്ടുള്ളു. പരിക്കേറ്റ 15 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
2014 ല്‍ സിറിയയില്‍ നിന്ന് എത്തിയ അഭയാര്‍ഥിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.പേരു പുറത്തുവിട്ടിട്ടില്ല. അഭയത്തിനുള്ള അപേക്ഷ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു.രണ്ടു തവണ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും മാനസികരോഗ ചികിത്സക്കു വിധേയനായെന്നും ജര്‍മന്‍ പോലീസ് വ്യക്തമാക്കി.
27 കാരനായ ചാവേറിന്റെ മൃതദേഹത്തില്‍ നിന്ന് രണ്ടു സെല്‍ഫോണുകളും സിംകാര്‍ഡുകളും ലാപ്‌ടോപും കണ്ടെടുത്തെന്നു ബവേറിയന്‍ ആഭ്യന്തരമന്ത്രി ജൊവാക്കിം ഹെര്‍മന്‍ നൂറംബര്‍ഗില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദിയോടു വിധേയത്വം പ്രഖ്യാപിക്കുന്ന വീഡിയോയും ഇയാളുടെ പക്കല്‍നിന്നു കിട്ടി. ജര്‍മന്‍കാര്‍ക്ക് എതിരേ പ്രതികാരം ചെയ്യുമെന്ന ഭീഷണി സന്ദേശവും വീഡിയോയിലുണ്ട്.
ഒരാഴ്ചക്കുള്ളില്‍ ജര്‍മനിയില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.ഇതില്‍ മൂന്നിന്റെയും പിന്നില്‍ അഭയാര്‍ഥികളായിരുന്നു. മ്യൂനിച്ചില്‍ വെള്ളിയാഴ്ച ഷോപ്പിംഗ് മാളില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ ഡേവിഡ് അലി സോണ്‍ബോളിയും വിഷാദചികിത്സക്കു വിധേയനായിരുന്നു. മ്യൂനിക്ക് ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല