സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് റോയ്‌ട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിയന്‍ സര്‍ക്കാര്‍ അനുകൂല മേഖലയായ ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് സംഭവം നടന്നത്. കൂട്ടക്കൊലയില്‍ 250 ഓളം പേര്‍ മരണപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂലികളെയും, അവരുടെ കുടുംബാംഗങ്ങളെയും ഐസിസ് വെട്ടി കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഐസിസ് ചാവേറാക്രമണത്തിലൂടെയാണ് ആദ്യം സൈന്യത്തോട് ഏറ്റമുട്ടിയത്. ആറോളം ചാവേറുകളാണ് വിവിധ ഇടങ്ങളിലായി പൊട്ടിത്തെറിച്ചത്. 35ഓളം സൈനികര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. സൈന്യത്തെ തുടച്ചു നീക്കിയതിനുശേഷമാണ് ഭീകരര്‍ സിറിയന്‍ നഗരത്തില്‍ കടന്നത്.
സൈന്യത്തിന്റെ ആയുധങ്ങളും ഐസിസ് ഭീകരര്‍ കൈക്കലാക്കിയിരുന്നു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയന്‍ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഐസിസ് ഭീകരര്‍ കൂട്ടക്കൊല നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല