സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഒരു വഴിക്കായി, സിറിയയുടെ ആകാശത്ത് റഷ്യയുടേയും അമേരിക്കയുടേയും ശക്തി പ്രകടനം. കഴിഞ്ഞ ദിവസം മാത്രം 49 ഐസിസ് കേന്ദ്രങ്ങളാണ് റഷ്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടതെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളെല്ലാം തെന്ന് ഒരുവിധം തകര്‍ന്ന മട്ടാണ്. ഇതിനിടെയാണ് റഷ്യയും അമേരിക്കയും തമ്മിലുള്ള വാക് പോരാട്ടം ശക്തമാകുകയാണ്.
റഷ്യന്‍ വ്യോമ സേന സിറിയയില്‍ എത്തുന്നതിന് മുമ്പ് തന്നെ അമേരിയ്ക്കയുടേയും സഖ്യ കക്ഷികളുടേയും സേനാ വിഭാഗങ്ങള്‍ സിറിയയില്‍ ഉണ്ട്. അമേരിക്കയാണ് സിറിയയില്‍ ആദ്യം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ഇപ്പൊള്‍ നടക്കുന്നത് ഇരു രാജ്യങ്ങളുടേയും ശക്തി പ്രകടനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ സിറിയയുടെ ആകാശത്തില്‍ തങ്ങളുടെ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിയ്ക്കാതിരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സിറിയയുടെ ആകാശത്ത് റഷ്യന്‍, അമേരിക്കന്‍ വിമാനങ്ങള്‍ തലങ്ങും വിലങ്ങും മൂളിപ്പറക്കുകയാണ് ഈ സാഹചര്യത്തിലാണ് അമേരിയ്ക്കയും റഷ്യയും തമ്മില്‍ ഒരു കരാറിലെത്തുന്നത്. എന്നാല്‍ കരാറില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് ഇതുവരെ ഇരു രാജ്യങ്ങളും പുറത്ത് വിട്ടിട്ടില്ല.
ഇനി മുതല്‍ എവിടെ, എപ്പോള്‍, എങ്ങനെയാണ് വ്യോമാക്രമണം നടത്തുന്നത് എന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം ആശയ വിനിമയം നടത്തണം എന്നതാണ് കരാറില്‍ പറയുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഐസിസ് കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ലഭിയ്ക്കുന്ന രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ ഇതുവരെ ധാരണയായിട്ടില്ല. റഷ്യ ഏറെ നാളായി ഇക്കാര്യം അമേരിക്കയോട് ആവശ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല