സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദര്‍, പാരീസ് ആക്രമണത്തിനു പിന്നിലും സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ട്? ഐസിസ് തീവ്രവാദികള്‍ ബോംബ് നിര്‍മ്മിക്കുന്നതിലും സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും വിദഗ്ദരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതായ വാര്‍ത്ത സിറിയയെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജസികളാണ് സിറിയക്ക് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സിറിയയില്‍ ഐസിസ് പിടിച്ചെടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പാസ്‌പോര്‍ട്ട് പ്രിന്റിംഗ് യന്ത്രങ്ങളും ഉള്‍പ്പെടെ സുപ്രധാന ഉപകരണങ്ങളുണ്ട്. പാസ്‌പോര്‍ട്ട് ഓഫീസിലെ രേഖകളും ഇവരുടെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുപയോഗിച്ച് പുതിയ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കുക എന്നത് ഇസ്ലാമിക് സ്റ്റേറ്റിന് അനായാസം കഴിയുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. സാധാരണക്കാരായ സിറിയന്‍ പൗരന്‍മാരുടെ പേരില്‍ പാസ്‌പോര്‍ട്ട് നിര്‍മിച്ചെടുത്ത് വിദേശ രാജ്യങ്ങളിലേയ്ക്ക് കടക്കാന്‍ തീവ്രവാദികള്‍ ശ്രമിയ്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകളില്‍ ഒരാള്‍ സിറിയന്‍ അഭയാര്‍ത്ഥിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ കൃത്രിമമായി ഉണ്ടാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് അയാള്‍ ഫ്രാന്‍സില്‍ കടന്നതെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല