സ്വന്തം ലേഖകന്‍: ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരയായിരുന്നു സാലി ജോണ്‍സും അവരുടെ പന്ത്രണ്ടുവയസുള്ള പുത്രനും സിറിയയില്‍ ജൂണില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഐഎസ് ആസ്ഥാനമായ റാഖായില്‍നിന്നു പലായനം ചെയ്യുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നൂ വര്‍ഷത്തിലേറെയായി ലോകത്തിലെ കൊടും ഭീകരരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചയാളാണ് വൈറ്റ് വിഡോ എന്ന പേരില്‍ അറിയപ്പെടുന്ന സാലി ജോണ്‍സ്. ഐഎസിന്റെ ഹാക്കര്‍ വിഭാഗത്തിലെ ജൂനൈദ് ഹൂസൈനുമായി പരിചയപ്പെട്ട സാലി 2013 ല്‍ മകനോടൊപ്പം സിറിയയിലേക്കു കടക്കുകയായിരുന്നു.
തുടര്‍ന്ന് മതം മാറിയ സാലി ജുനൈദിനെ വിവാഹം കഴിച്ചു. 2015 ലെ ഡ്രോണ്‍ ആക്രമണത്തില്‍ ജുനൈദ് കൊല്ലപ്പെട്ടതോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സാലിയെ വൈറ്റ് വിഡോ (വെളുത്ത വിധവ) എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. യുകെയില്‍ റോക് ഗായികയായിരുന്ന സാലിയെ ഐഎസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകര്‍ഷിക്കുന്ന ദൗത്യമാണ് ഭീകര സംഘടന നല്‍കിയത്. മുഖം മറച്ച് തോക്കും ചൂണ്ടി നില്‍ക്കുന്ന ഇവരുടെ ഫോട്ടോകള്‍ ഐഎസിന്റെ പ്രചാരണ വീഡിയോകളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല