1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2016

സ്വന്തം ലേഖകന്‍: ഈജിപ്തിലെ പിരമിഡുകളും സ്ഫിക്‌സ് പ്രതിമയും തകര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്. പുരാതന സംസ്‌കാരങ്ങള്‍ക്ക് എതിരേയുള്ള ആക്രമണം ശക്തമാക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അവിശ്വാസികള്‍ നിര്‍മിച്ച പുരാതന കേന്ദ്രങ്ങള്‍ തകര്‍ക്കേണ്ടത് പ്രധാനമാണെന്നും ഒമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഐഎസ് വ്യക്തമാക്കി. ഗിസായിലെ പിരമഡിന്റെ ചിത്രവും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

നിംറൂഡ്, മൊസൂള്‍, പല്‍മീറ എന്നീ നഗരങ്ങളിലെ പ്രാചീന സ്മാരകങ്ങള്‍ ഐഎസ് അടുത്ത കാലത്ത് തകര്‍ത്തിരുന്നു. അസീറിയന്‍ നാഗരീകതയുടെ അവശേഷിപ്പായ ഇറാഖിലെ 2,500 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന പുരാതനക്ഷേത്രം നബുവും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. ഇവ രണ്ടും അവിശ്വാസികള്‍ നിര്‍മ്മിച്ചതാണെന്നാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്ന വാദം.

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയ്ക്ക് തൊട്ടടുത്ത ഗിസയിലാണ് ഗ്രേറ്റ് പിരമിഡ് സ്ഥിതി ചെയ്യുന്നത്. അസീറിയന്‍ നാഗരീകതയുടെ ശേഷിപ്പായ നിമ്രദ് നഗരത്തിലാണ് നബു ക്ഷേത്രമുള്ളത്. ബാബിലോണിയന്‍ ദൈവത്തിന് വേണ്ടിയാണ് നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്റെ ചുവര് സ്‌ഫോടനത്തില്‍ തകരുന്നതിന്റെ വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങളുണ്ട്. മൊസൂളിന് സമീപം നിനേവയിലെ അദാദ് മഷ്‌കി ഗേറ്റുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2015 മെയ് യില്‍ പിടിച്ചെടുത്ത സിറിയന്‍ നഗരമായ പാല്‍മിറയിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ് നേരത്തേ പുറത്തുവിട്ടിരുന്നു. ഇത് തകര്‍ക്കുന്നതിനെതിരേ ആഗോളപ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. മൂന്നാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ തിരിച്ചു പിടിക്കുന്നതിന് മുമ്പായി യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ ഒന്നായ ഇവിടെ കനത്ത നാശം സൃഷ്ടിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ബാലിലെ ക്ഷേത്രം ഉള്‍പ്പെടെ അമൂല്യമായ ചരിത്ര സ്മാരകങ്ങളെല്ലാം തന്നെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്ത വിധം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.