സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ സ്ത്രീകളുടെ പ്രത്യേക സംഘവും വക്താവുമായി ഇസ്ലാമിക് സ്റ്റേറ്റ്. സ്ത്രീകളെ പ്രലോഭിപ്പിച്ച് സംഘടനയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായി അടുത്ത കാലത്ത് തീവ്രവാദികള്‍ വീഡിയോയും പുറത്തുവിട്ടിരുന്നു. ബൂര്‍ഖ ഇട്ട് ശരീരം മുഴുവന്‍ മറച്ച സ്ത്രീകളെ മുന്‍ നിര്‍ത്തിയുള്ളതാണ് വീഡിയോ.
സാധാരണഗതിയില്‍ തീവ്രവാദി ഗ്രൂപ്പിന്റെ ആശയ പ്രചരണ വീഡിയോകളില്‍ പുരുഷന്മാരോ ആണ്‍കുട്ടികളേയോ ആണ് കാണാറ്. എന്നാല്‍ ഇതൊരു പുതിയ നീക്കമാണെന്ന് മിനിറ്റുകള്‍ മാത്രം നീളുന്ന ‘ഫൗണ്ടേഷന്‍ ഓഫ് ദി യൂഫ്രട്ടീസ്’ എന്ന് പേരിട്ടിട്ടുള്ള വീഡിയോയില്‍ പറയുന്നു. മജസ്റ്റിക് എന്ന പേരില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടുത്തിടെ പുറത്തിറക്കിയ മാഗസിനില്‍ വനിതകളെ പ്രത്യേകം ആകര്‍ഷിക്കുന്നതിനുള്ള ലേഖനങ്ങളാണുള്ളത്.
ഒപ്പം ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാന്‍ വനിതാ വക്താവിനെയും നിയമിച്ചു. ഇത് ആദ്യമായാണ് ഐ.എസ് വനിതാ വക്താവിനെ നിയമിച്ചത്. ഐ.എസിന്റെ വീഡിയോകളില്‍ വനിതാ വക്താവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബുര്‍ഖ ധരിച്ച് മുഖം മറച്ച നിലയിലാണ് ഇവരെ ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നിരുന്നു. 15 വയസുള്ള പെണ്‍കുട്ടികള്‍ മുതല്‍ ഐ.എസിന്റെ ഭാഗമാണ്. ഇതിന് പുറമെയാണ് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വനിതാ വക്താവിനെ നിയമിച്ചത്.
യുവാക്കളും സുന്ദരന്മാരുമായ വരന്മാര്‍ക്ക് വേണ്ടി സമ്പന്നതയുടെ നടുവിലുള്ള ജീവിതത്തിലേക്ക് ക്ഷണിക്കുന്നതായുള്ള വാഗ്ദാനങ്ങളെ തുടര്‍ന്ന് 15 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ നിരവധി സ്ത്രീകളാണ് സിറിയയില്‍ എത്തിയത്. 2015 ജനുവരിയില്‍ ബ്രിട്ടനിലെ വീട്ടുകാരെ ഉപേക്ഷിച്ച സിറിയയിലേക്ക് പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റഖയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല