സ്വന്തം ലേഖകന്‍: 15 കാരനായ സിറിയന്‍ ബാലന്റെ ദേഹത്തുനിന്ന് ബെല്‍റ്റ് ബോംബ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്ലാമിക് സ്‌റ്റേറ്റ് കുട്ടികളെ ആക്രമണത്തിനായി ഉപയോഗിക്കുന്നതിന്റെ തെളിവെന്ന് അധികൃതര്‍. അറാഖിലെ കിര്‍കുര്‍ക്ക് നഗരത്തില്‍ നിന്നും ഒരു പ്രാദേശിക വാര്‍ത്താ മാധ്യമം പുറത്തുവിട്ട വീഡിയോയാണ് വൈറലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു ബാലന്റെ ശരീരത്തില്‍ നിന്നും ബെല്‍റ്റ്‌ബോംബ് അഴിച്ചു മാറ്റുന്നതാണ് ദൃശ്യം. തെരുവിന്റെ ഒരറ്റത്തു നിന്നു ബെല്‍റ്റ്‌ബോംബ് ഊരിമാറ്റിയ ശേഷം മറുവശത്തേക്ക് രണ്ടു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പയ്യനെ മാറ്റുന്നതും തൊട്ടു പിന്നാലെ സ്‌ഫോടനം നടക്കുന്നതും കാണാം. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടന വ്യാപകമായി കുട്ടികളെ മനുഷ്യ കവചമാക്കാനും ചാവേറുകളാക്കാനും ഉപയോഗിക്കുന്നുണ്ടെന്ന സംശയം ഇതോടെ ശക്തമാകുകയാണ്. കുട്ടിപ്പോരാളികള്‍ എന്ന് ഇസ്‌ളാമിക് സ്‌റ്റേറ്റ് വിശേഷിപ്പിക്കുന്ന കുട്ടിളെ ലഹരി നല്‍കിയ ശേഷമാണ് ചാവേറുകളാക്കി വിടുന്നതെന്നാണ് നിഗമനം. കിര്‍ക്കുര്‍ക്കില്‍ നിന്നും കണ്ടെത്തിയ ബാലന്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഐഎസ് സൈനിക പരിശീലനം നടത്തുന്നതിന്റെയും കഴുത്തറുക്കല്‍ വെടിവെച്ച് കൊലപ്പെടുത്തല്‍ പോലെയുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്തേ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് പ്രസിഡന്റ് എര്‍ഡോഗന്‍ ആരോപിച്ചിരുന്നു. ഒരു വിവാഹ ചടങ്ങിനിടെ നടന്ന സ്‌ഫോടനം നടത്തിയത് 12 വയസ്സുള്ള പയ്യനായിരുന്നെന്നായിരുന്നു ആരോപണം. സംഭവം നടന്ന സ്ഥലത്തു നിന്നും കിട്ടിയ വീഡിയോ ഫൂട്ടേജില്‍ ഒരു പയ്യന്‍ രണ്ടു മുതിര്‍ന്നവര്‍ക്ക് ഒപ്പം വരുന്നതും പിന്നീട് ഈ മുതിര്‍ന്നവര്‍ കാറില്‍ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യമുണ്ട്. പയ്യന്റെ കയ്യില്‍ ബോംബ് കൊടുത്തുവിട്ട ശേഷം അക്രമികള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് ഇക്കാര്യത്തില്‍ പോലീസിന്റെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല