സ്വന്തം ലേഖകന്‍: അടുത്ത ഊഴം നിങ്ങളുടേത്, കരുതിയിരുന്നോളാന്‍ സൗദി അറേബ്യയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്. ഇറാനിലെ ടെഹ്‌റാനില്‍ 17 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയെ ആക്രമിക്കുമെന്ന് ഐ.എസ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് ഇറാന്‍ പാര്‍ലമെന്റിനും അയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിനും നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഇറാനിലെ ഷിയാകള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഐ.എസ് മുന്നറിയിപ്പ് നല്‍കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തത്. മുഖംമൂടിയണിഞ്ഞ അഞ്ച് പേരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയില്‍ അടുത്ത ഊഴം നിങ്ങളുടേതാണെന്ന് സൗദിക്ക് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
‘ഇറാന് ശേഷം നിങ്ങളുടെ ഊഴമാണ്. നിങ്ങളെ വീട്ടിലെത്തി ആക്രമിക്കും. ഞങ്ങള്‍ ആരുടെയും ഏജന്റുമാരല്ല. ഞങ്ങള്‍ അള്ളാഹുവിനെയും അള്ളാഹുവിന്റെ സന്ദേശവാഹകനെയുമാണ് അനുസരിക്കുന്നത്. ഞങ്ങള്‍ അവന്റെ മതത്തിന് വേണ്ടിയാണ് പോരാടുന്നത്,’ സൗദിക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, വീഡിയോയില്‍ ഉള്ള അഞ്ച് അക്രമികളും ഐ.എസ് റിക്രൂട്ട് ചെയ്ത ഇറാനിയന്‍ പൗരന്മാരാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ ഒരു പങ്കുമില്ലെന്ന് സൗദി അറേബ്യയിലെ സുന്നി വിഭാഗവും വ്യക്തമാക്കി.
സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖല സംഘര്‍ഷഭരിതമായിക്കുമ്പോഴാണ് സൗദിയെ ആക്രമിക്കുമെന്ന ഐ.എസ് ഭീഷണി പുറത്തുവന്നിരിക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ യു.എസ് എംബസി അവിടെയുള്ള പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല