സ്വന്തം ലേഖകന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍. ഐഎസ് സ്ഥാപിച്ച ഭീകരസാമ്രാജ്യം തകര്‍ന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവര്‍. തിരികെ വന്നാല്‍ കയറ്റില്ലെന്നാണ് സ്വന്തം രാജ്യങ്ങള്‍ നല്കിയിരിക്കുന്ന മുന്നറിയിപ്പ്.
ഇരുപത്തിനാലുകാരി ഹൊദ മുത്താനയും പത്തൊന്പതുകാരിഷമീന ബീഗവുമാണ് ഏറ്റവും അവസാനം സ്വരാജ്യത്തേക്ക് മടങ്ങണം എന്ന് ആവശ്യപ്പെടുന്നത്. യെമന്‍ വംശജയായ മുത്താന അമേരിക്കയിലെ അലബാമ സ്വദേശിനിയാണ്. ബംഗ്ലാദേശ് വംശജയായ ഷമീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നു. മുത്താന അഞ്ചും ഷമീന നാലും വര്‍ഷം മുന്പ് ഭീകരന്മാരുടെ ഭാര്യമാരാകാന്‍ സിറിയയിലെത്തിയതാണ്. ഷമീന അടുത്തിടെ ഒരു കുഞ്ഞിനു ജന്മം നല്കി. നാട്ടില്‍ തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ഇരു സ്ത്രീകളും അഭ്യര്‍ഥിച്ചിരുന്നു.
മുത്താനയെ ഇനി അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ നേരിട്ടു വ്യക്തമാക്കി. മുത്താന അവകാശപ്പെടും പോലെ ഇവര്‍ക്ക് യുഎസ് പൗരത്വം ഇല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. മുന്‍ യെമന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളായ മുത്താന യുഎസില്‍ ജനിച്ചുവെന്നാണ് അവകാശപ്പെടുന്നത്.
ഷമീന ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടു. ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ആണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞയാഴ്ച സിറിയയിലെ ഒരു തടവറയിലാണ് ഷമീനയെ കണ്ടെത്തിയത്. ബംഗ്ലാദേശില്‍ ഷമീനയെ പ്രവേശിപ്പിക്കില്ലെന്നു ബംഗ്ലാ അധികൃതരും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല