സ്വന്തം ലേഖകന്‍: എഫ്‌സി ഗോവയെ തകര്‍ത്ത് ചെന്നൈയില്‍ എഫ്‌സി ഐഎസ്എല്‍ രാജാക്കന്മാര്‍, ഒപ്പം നായകന്‍ എലാനൊ ബ്ലൂമറെ ഗോവന്‍ പോലീസ് പൊക്കി. കാണികളെ ആവേശം കൊള്ളിച്ച ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി.
പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ എലാനോ ബ്ലുമര്‍ കിരീടമുയര്‍ത്തിയപ്പോള്‍ ഗോവയും ചെന്നൈക്കൊപ്പം ചേര്‍ന്നു. ആക്രമണം മുഖമുദ്രയാക്കിയാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരുന്നു ഗോവ ഇന്നലെയും ഇറക്കിയത്.
സൂപ്പര്‍ സ്‌ട്രൈക്കര്‍ റിനാള്‍ഡോ സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ ഡുഡുവും റാഫേല്‍ കൊലേയുമാണ് മുന്നണിയിലുണ്ടായിരുന്നത്. മറുവശത്ത് മാര്‍ക്വിതാരം എലാനോയെ ആദ്യ ഇലവനില്‍ ഇറക്കാതെയായിരുന്നു മറ്റെരാസിയുടെ ടീം ഇറങ്ങിയത്.
നിറഞ്ഞ ഗാലറി പിന്തുണയോടെ കളിച്ച ഗോവയ്ക്കായിരുന്നു മത്സരത്തില്‍ അല്‍പം മേല്‍ക്കൈ. ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരവും പരുക്കനായി. അഞ്ചു മഞ്ഞക്കാര്‍ഡുകളും രണ്ടു പെനാല്‍റ്റിയും അതിന്റെ തെളിവ്. അഞ്ചാം മിനിറ്റില്‍ തന്നെ പരുക്കേറ്റ് മടങ്ങിയ ഗോവന്‍ സ്‌ട്രൈക്കര്‍ ഡുഡുവും പരുക്കന്‍ കളിയുടെ ഇരയായി.
പെലിസ്സാറി ചെന്നൈയെ മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റിനകം ഗോവ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ മണിപ്പൂരി താരം തോങ്‌കൊസേം ഹോകിപ്പാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്. തിരമാലകളായി ചെന്നൈയിന്‍ ബോക്‌സിലേക്കു കയറിയിറങ്ങിയ ഗോവന്‍ താരങ്ങള്‍ ഒടുവില്‍ 87 മത്തെ മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ജോഫ്രെ വലയിലെത്തിച്ച് ഗോവയെ മൂന്നിലെത്തിച്ചു.
എന്നാല്‍ ഗാലറിയെ നടുക്കി 90 മത്തെ മിനിറ്റില്‍ ഇടിത്തീ പോലെ സമനില ഗോള്‍ എത്തി. ജയം ആഘോഷിക്കാന്‍ ഗോവന്‍ ആരാധകര്‍ തയാറെടുക്കുന്നതിനിടെയായിരുന്നു ഗോള്‍. വലതു വിങ്ങില്‍ നിന്ന് മെഹ്‌റാജുദ്ദീന്‍ വാദൂ നല്‍കിയ ക്രോസില്‍ തലവയ്ക്കാന്‍ മെന്‍ഡോസയും കൈവയ്ക്കാന്‍ കട്ടിമണിയും ഉയര്‍ന്നു ചാടിയപ്പോള്‍ പന്ത് ഗോളിയുടെ കൈയിലിടിച്ച് സ്വന്തം വലയിലായി.
പകരക്കാരന്‍ ജയേഷിന്റെ പാസില്‍ നിന്നു തെന്നിവീണ കട്ടിമണിയെ സാക്ഷിയാക്കി മെന്‍ഡോസ് ചെന്നൈയിന്റെ വിജയഗോള്‍ നേടുമ്പോള്‍ അവസാന ഒരു മിനിറ്റിനിടെ സംഭവിച്ചതെന്തെന്നു മനസിലാകാതെ തരിച്ചു നില്‍ക്കുകയായിരുന്നു ഗാലറിയും ഗോവന്‍ കളിക്കാരും.
അതിനിടെ പിന്നാലെ ചെന്നൈയിന്‍ എഫ്.സി നായകനും മാര്‍ക്വി താരവുമായ എലാനൊ ബ്ലൂമറെ പോലീസ് അറസ്റ്റ് ചെയ്തു. എഫ്.സി ഗോവ ടീമിന്റെ സഹ ഉടമ ദത്തരാജ് സല്‍ഗോന്‍കറിനെ കൈയ്യേറ്റം ചെയ്ത കുറ്റത്തിനാണ് എലാനൊയെ അറസ്റ്റ് ചെയ്തത്.
ഗോവയിലെ ഫത്തോര്‍ഡയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി 32ന് എഫ്.സി ഗോവയെ പരാജയപ്പെടുത്തിയതിനു ശേഷം ഗ്രൗണ്ടില്‍ നടന്ന ആഹ്‌ളാദ പ്രകടനത്തില്‍ ചെന്നൈയിന്‍ എഫ്.സി താരങ്ങള്‍ ഗോവന്‍ ടീമിനെ കളിയാക്കിയത് ദത്തരാജ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് എലാനൊ ദത്തരാജിനെ കൈയ്യേറ്റം ചെയ്‌തെന്നാണ് പരാതി.
അര്‍ധരാത്രിയോടെയാണ് എലാനൊ അറസ്റ്റിലാകുന്നത്. മഡ്ഗാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച എലാനൊയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം 232, 341, 504 വകുപ്പുകള്‍ പ്രകാരമാണ് എലാനൊയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അതേസമയം മത്സരം കാണാനെത്തിയ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും ഗോവന്‍ ടീമും സമ്മാനദാന ചടങ്ങ് ബഹിഷ്‌കരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല