സ്വന്തം ലേഖകന്‍: മഞ്ഞക്കടലിനെ ഇളക്കിമറിച്ച് സച്ചിനും സല്‍മാനും മമ്മൂട്ടിയും കത്രീനയും, ഐഎസ്എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ തുടക്കം. ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞക്കടലിനു മുന്നില്‍ മമ്മൂട്ടിയും കത്രീന കൈഫും സല്മാന് ഖാനും താരത്തിളക്കങ്ങളായി.
സല്‍മാനും കത്രീനയും നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തു. ബോളിവുഡ് പാട്ടിനനുസരിച്ചായിരുന്നു ഇരുവരുടെയും നൃത്തച്ചുവടുകള്‍. മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. സൈക്കിളിലാണ് സല്മാന് വേദിയിലെത്തിയത്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന് തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി.
കളരിപ്പയറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും ആരാധകര്‍ക്ക് മുന്നിലെത്തിയത്. സച്ചിന് തെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലി, കൊല്‍ക്കത്ത ടീമുടമ സൗരവ് ഗാംഗുലി, ഐ എസ് എല്‍ മേധാവി നിത അംബാനി എന്നിവരെല്ലാം ചടങ്ങിനെത്തി. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. എന്നാല്‍ കണ്ണഞ്ചിക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത് ആരാധകരെ നിരാശരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല