സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരിച്ചു വരാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം രണ്ടാം പകുതിയില്‍ ഗോവ തല്ലിക്കെടുത്തി. സ്‌ട്രൈക്കറായ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ഗോവയ്ക്ക് എതിരെ 24 മത്തെ മിനിട്ടില്‍ ബ്ലാസ്റ്റേര്‍സ് നിറയൊഴിച്ചെങ്കിലും രണ്ടാം പകുതിയില്‍ നിര്‍ണായക ഗോള്‍ നേടി ആതിഥേയര്‍ വിജയംകണ്ടു.
കഴിഞ്ഞ രണ്ട് കളിയിലെ തോല്‍വിയുടെ നാണം മറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഗ്രൗണ്ടിലിറങ്ങിയത്. കൊച്ചിയില്‍പോലും കളിമറന്ന ബ്ലാസ്‌റ്റേഴ്‌സ് ഗോവയ്ക്ക് എതിരെ അവരുടെ സ്വന്തം മണ്ണില്‍ അറിഞ്ഞുകളിച്ചു. നോര്‍ത്ത് ഈസ്റ്റിനെ സ്വന്തം തട്ടകത്തില്‍ തകര്‍ത്ത ഗോവയ്ക്ക് മുന്നില്‍ ആദ്യ പകുതിയില്‍ വെല്ലുവിളിതീര്‍ത്ത് റാഫിയുടെ ഗോള്‍ പിറന്നു.
ഇതോടെ സമ്മര്‍ദത്തിലായ ഗോവയെ അക്രമിച്ചും പ്രതിരോധിച്ചും കളിച്ചുമുന്നേറാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തിയെങ്കിലും ആദ്യ പകുതിയില്‍ 45 മത്തെ മിനിട്ടില്‍ മൗറ ആതിഥേയര്‍ക്കായി ഗോള്‍ മടക്കിയതോടെ കൊമ്പന്മാര്‍ വീണ്ടും സമ്മര്‍ദത്തിലായി. രണ്ടാം പകുതിയില്‍ ആരും മുന്‍തൂക്കം നേടാതെ കളി തുടര്‍ന്നപ്പോള്‍ സമനിലയെന്ന പ്രതീക്ഷ ഉയര്‍ന്നെങ്കിലും 84 മത്തെ മിനിട്ടില്‍ ഗോവയ്ക്കുവേണ്ടി ഗ്രിഗറി ബ്ലാസ്‌റ്റേഴ്‌സിന്റെവല വീണ്ടും കുലുക്കി.
ഇതോടെ തുടര്‍ച്ചയായ തോല്‍വികളുടെ ക്ഷീണം മറക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം അസ്ഥാനത്തായി. റാഫിക്കൊപ്പം സാഞ്ചസ് വാട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായത്. എന്നാല്‍ മറ്റൊരു മലയാളി താരം സി.കെ വിനീതിന് അവസാന ഇലവനില്‍ ഇടം കണ്ടെത്താനായില്ല. പൂനെക്കെതിരെ എതിരെ അവരുടെ സ്വന്തം മണ്ണിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല