ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളി യുവാവിനെ രഹസ്യാന്വേഷണ ഏജന്‍സി, റോ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ യുവാവാണ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി സംശയത്തെതുടര്‍ന്ന് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധകള്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ ഗള്‍ഫിലേക്ക് പോയത്. പിന്നീട് സിറിയയിലെത്തിയ ഇയാള്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇയാളേക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. അഞ്ച് മലയാളികള്‍ക്ക് തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇങ്ങനെ ഒരാള്‍ അറസ്റ്റിലായതിനേക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മലപ്പുറം പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല