സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലകളില്‍നിന്ന് രക്ഷപ്പെട്ട് പുതിയ സങ്കേത നഗരങ്ങള്‍ തേടുന്നവരെ ഭയപ്പെടുത്തുന്നതിനായി ഐഎസ് അയ്‌ലാന്‍ കുര്‍ദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നു. സിറിയയില്‍നിന്ന് പാലായനം ചെയ്ത് പോകുന്നത് പാപമാണെന്നും അത് ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ദൈവഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരുടെ വിധി ഇതായിരിക്കുമെന്നും പറഞ്ഞാണ് ഐഎസ് സിറിയക്കാര്‍ക്കിടയില്‍ ഭീതിയും ഭയവും ജനിപ്പിക്കുന്നത്.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ദാബികിലാണ് ലോകത്തിന്റെ കണ്ണുനീരായ അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം പ്രസിദ്ധീകരിച്ച് ഈ അര്‍ത്ഥം വരുന്ന കുറിപ്പ് എഴുതിയിരിക്കുന്നത്. ദാറുല്‍ ഇസ്ലാം അഥവാ ഇസ്ലാമിന്റെ ഭൂമി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ അനുഭവം എന്ന അടിക്കുറിപ്പോടെയാണ് കുര്‍ദിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇസ്ലാം ലോകത്ത് നിന്നു കുട്ടികളുമായി യുറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത് ഗുരതരമായ കുറ്റമാണ്. പാശ്ചാത്യ ലോകത്ത് കുട്ടികള്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമയാകുകയും ലൈംഗിക ചൂഷണത്തിന് വിധേയരാകുമെന്നും ഐ.എസ് മാഗസിന്‍ ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് തുര്‍ക്കിയിലെ ബോദ്രം ബീച്ചില്‍ അയ്‌ലന്‍ കുര്‍ദി എന്ന പിഞ്ചു ബാലന്റെ മൃതദേഹം കടല്‍ത്തീരത്ത് അടിഞ്ഞത്. യുദ്ധക്കെടുതിയെ തുടര്‍ന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രശ്‌നങ്ങള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല