സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു, സൈന്യവും പ്രതിഷേധക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക്, സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക വിലക്ക്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ സൈന്യം പ്രതിഷേധക്കാരെ തുരത്താന്‍ നടത്തുന്ന നീക്കങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് നിയന്ത്രണമില്ല.
സൈനിക നടപടികള്‍ പാക്കിസ്താനിലെ സ്വകാര്യ ചാനലുകള്‍ തത്സമയം കാണിച്ചിരുന്നു. ഇത് രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാകിസ്താന്‍ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
അതേസമയം, കഴിഞ്ഞ നാല് ദിവസമായി പാക് നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ പ്രതിഷേധം തുടരുകയാണ്. തെഹ്‌രിക് ലബായ്ക് യാ റസൂല്‍ അള്ളാ എന്ന സംഘടയാണ് പ്രക്ഷോഭവുമായി രംഗത്തുള്ളത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും പ്രതിഷേധക്കാരും സുരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല