സ്വന്തം ലേഖകന്‍: ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം, അഞ്ച് മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതനേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍. ജൂയിഷ് ഫോര്‍ പീസ്, അമേരിക്കന്‍ മുസ്‌ലിംസ് ഫോര്‍ ഫലസ്തീന്‍, പെസ്ബിറ്റേറിയന്‍ പീസ് ഫെലോഷിപ് എന്നീ സംഘടനകളുടെ നേതാക്കള്‍ക്കാണ് രാജ്യത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ഇസ്രയേലിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രൂപംകൊണ്ട ബി.ഡി.എസ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇവര്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നതായി ഇസ്രായേല്‍ ആഭ്യന്തരമന്ത്രി അര്യേദേരി ആരോപിച്ചു.
തങ്ങള്‍ക്കെതിരായ ഉപരോധത്തിന് പിന്തുണ നല്‍കുന്ന വിദേശ പൗരന്മാരെ തടയുന്നതിനുള്ള നയത്തിന് കഴിഞ്ഞ മാര്‍ച്ചിലാണ് ഇസ്രായേല്‍ രൂപംകൊടുത്തത്. അതിനു ശേഷം ഈ അഞ്ചു പേര്‍ക്കെതിരെയാണ് ആദ്യമായി ഇത് പ്രയോഗിക്കുന്നത്. പലസ്തീനിന്റെ സ്വാതന്ത്ര്യത്തിനും ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്‌കരണം, ഉപരോധം, കുടിയേറ്റം ഒഴിപ്പിക്കല്‍ എന്നിവക്കുമായി അക്രമേതരമായ മാര്‍ഗത്തിലൂടെ നിലകൊള്ളുന്ന സംഘമാണ് ബി.ഡി.എസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് അംഗങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്.
ഇസ്രായേലിലും വെസ്റ്റ് ബാങ്കിലുമായുള്ള മനുഷ്യാവകാശ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്താനായാണ് താനടക്കമുള്ള നേതാക്കള്‍ ഇസ്രായേലിലേക്കുള്ള യാത്രക്കൊരുങ്ങിയതെന്ന് ജൂയിഷ് വോയിസ് ഫോര്‍ പീസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റബ്ബി അലിസ്സ വൈസ് അറിയിച്ചു. ഇതിനായി യു.എസിലെ വാഷിങ്ടണ്‍ ഡല്‍സ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ലുഫ്താന്‍സ ഫ്‌ലൈറ്റുമായി ബന്ധപ്പെട്ട വിവരം തിരക്കിയപ്പോള്‍ ഈ വിമാനത്തിന് ഇസ്രായേലിലേക്കുള്ള വഴിയിലൂടെ പറക്കാനുള്ള അനുമതിയില്ലെന്നാണ് അധികൃതര്‍ മറുപടി നല്‍കിയതെന്ന് വൈസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല