സ്വന്തം ലേഖകൻ: ഹമാസുമായുള്ള യുദ്ധം തുടങ്ങി ഒരു മാസം പിന്നിടവെ തങ്ങളുടെ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയതായി ഇസ്രയേല്‍. എക്കാലത്തേയും വലിയ ഭീകരത്താവളമാണ് ഗാസയെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആരോപിച്ചു. ഹമാസിനെ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, യുദ്ധത്തില്‍ പങ്കുചേരാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ അത് എക്കാലത്തേയും വലിയ മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഹമാസ് ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുംവരെ ഗാസയിലേക്ക് ഇന്ധനവിതരണമുണ്ടാവില്ലെന്നും വെടിനിര്‍ത്തല്‍ ഉണ്ടാവില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
യുദ്ധം ഒരുമാസം പിന്നിട്ട സാഹചര്യത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ പുതുക്കാനുള്ള പരിപാടികളില്‍ വലിയ തോതിലുള്ള ആള്‍ക്കുട്ടമായിരുന്നു ഇസ്രയേലിന്റെ വിവിധഭാഗങ്ങളില്‍ എത്തിയത്.
അതേസമയം ഹമാസിനെതിരായ സൈനിക നീക്കത്തിന്റെ പേരില്‍ ഗാസ പൂര്‍ണമായി പിടിച്ചടക്കുക എന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ഹമാസിന് എതിരായ സൈനിക നീക്കത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനിടെ ആണ് നിലപാടില്‍ അയവ് വരുത്തി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രയേല്‍ – ഹമാസ് പോരാട്ടത്തിന് ശേഷം ഗാസയുടെ സമ്പൂര്‍മായ അധിനിവേശം എന്ന നടപടിയോട് ബൈഡന്‍ ഭരണകൂടത്തിന് യോജിപ്പില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു. യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷ പൂര്‍ണമായി ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്ക തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല