സ്വന്തം ലേഖകന്‍: സിറിയയിലെ തങ്ങളുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന ഇസ്രയേല്‍ വാദം കല്ലുവച്ചു നുണയെന്ന് ഇറാന്‍. ജൂലാന്‍ കുന്നുകളിലെ ഇസ്രായേലിന്റെ അധീനമേഖലയെ ലക്ഷ്യം വെച്ച് ഇറാന്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഇരുരാജ്യങ്ങളും നേര്‍ക്കുനേരായി നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. തങ്ങളുടെ ആയുധകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇസ്രായേലിന്റെ അവകാശവാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് ഇറാന്‍ വ്യക്തമാക്കി. സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന വാര്‍ത്ത ഇസ്രായേലിന്റെ സൃഷ്ടിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇത്തരത്തിലുള്ള വ്യാജ അവകാശവാദങ്ങളെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ജൂലാന്‍ കുന്നുകളിലേക്ക് 20 തവണ റോക്കറ്റുകള്‍ തൊടുത്തെന്നാണ് ഇസ്രായേലിന്റെ ആരോപണം. അതിനു മറുപടിയായി സിറിയയിലെ നിരവധി സൈനിക താവളങ്ങള്‍ തകര്‍ത്തതായും അവര്‍ പറഞ്ഞു. ആക്രമണം ഫലപ്രദമായി ചെറുത്തതായും എന്നാല്‍, റഡാര്‍ ഇന്‍സ്റ്റലേഷനും ആയുധസംഭരണകേന്ദ്രവും തകര്‍ന്നതായും സിറിയന്‍ സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതില്‍ ലോകം മൗനം പാലിക്കുന്നതില്‍ ഇറാന്‍ ദേശീയമാധ്യമമായ ഖ്വാസം അതൃപ്തി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല