![](https://www.nrimalayalee.com/wp-content/uploads/2022/02/Israel-Bahrain-Security-Pact.jpg)
സ്വന്തം ലേഖകൻ: ഇസ്രായേലുമായി സൈനിക, സുരക്ഷാ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ ഗള്‍ഫ്- അറബ് രാജ്യമായി ബഹ്‌റൈന്‍. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ കാര്യങ്ങളിലുള്ള സഹകരണത്തിന് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇന്‍റലിജന്‍സ്, സൈനിക കാര്യങ്ങള്‍, പ്രതിരോധ വ്യവസായം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യവുമായി ഇസ്രായേല്‍ ഉണ്ടാക്കുന്ന ആദ്യത്തെ സുരക്ഷാ സഹകരണ കരാറാണ് ബഹ്‌റൈനുമായി ഒപ്പുവച്ചിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനായി യുഎഇയും ബഹ്‌റൈനും അബ്രഹാം കരാറില്‍ ഒപ്പുവച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബഹ്‌റൈനുമായി സുരക്ഷാ കരാറില്‍ ഏര്‍പ്പെടാനായത് വലിയ നേട്ടമാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളുടെയും സുരക്ഷ ശക്തമാക്കാനും മേഖലയുടെ സുസ്ഥിരതയ്ക്കും കരാര്‍ സഹായകമാകുമെന്നും ഗാന്‍റ്സ് അറിയിച്ചു.
ശനിയാഴ്ച ബഹ്‌റൈനിലെത്തിയ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബഹ്‌റൈനിലെ യുഎസ് നാവിക ഹെഡ്ക്വാര്‍ട്ടേഴ്‌സും സന്ദര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ കടല്‍, വ്യോമ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരസ്പര സുരക്ഷാ സഹകരണത്തിന് എന്നത്തേക്കാളും കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ഗാന്‍റ്സ് ട്വിറ്ററില്‍ കുറിച്ചു. യമനിലെ ഹൂതികളില്‍ നിന്നും ഇറാഖിലെ സായുധ സംഘങ്ങളില്‍ നിന്നും സൗദിക്കും യുഎഇക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ സൂചിപ്പിച്ചാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇങ്ങനെ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല