പോര്‍വിളികള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ശേഷം ഇസ്രയേലില്‍ ബഞ്ചമിന്‍ നെതന്യാഹും വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതോടെ മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു മാമാങ്കങ്ങള്‍ക്കും തിരശീല വീണു. എന്നാല്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പു ജയം ഉറ്റ തോഴന്‍ അമേരിക്കക്ക് അത്ര പിടിച്ചിട്ടില്ല എന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇലക്ഷന്‍ ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ നെതന്യാഹു പ്രചാരണ സമയത്ത് പ്രയോഗിച്ച പലസ്തീന്‍ വിരുദ്ധ ആശയങ്ങള്‍ ആശങ്ക ഉളവാക്കുന്നതായി അമേരിക്ക വ്യക്തമാക്കി. പാലസ്തീന്‍ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാനുള്ള ബാധ്യതയില്‍ നിന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി പിന്നോട്ടു പോകുകയാണോ എന്ന് അമേരിക്ക സംശയം പ്രകടിപ്പിച്ചു.
കൂടാതെ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി, ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ എന്നീ വിഷയങ്ങളിലും നെതന്യാഹുവും അമേരിക്കയും അത്ര രസത്തിലല്ല. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് ഇസ്രയേലിന്റെ ബാധ്യതയല്ലെന്ന് നെതന്യാഹു അണികളോട് പറഞ്ഞിരുന്നു. ഇത്തരം നയപരിപാടിയുമായി ലിക്കുഡ് പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പാളം തെറ്റുന്നത് 20 വര്‍ഷത്തെ സമാധാന ശ്രമങ്ങളായിരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഏറെ പ്രാധാന്യത്തോടെ കാണുന്ന വിഷയം കൂടിയാണ് പലസ്തീന്‍ രാഷ്ട്ര രൂപീകരണം. കൂടാതെ നെതന്യാഹുവിന്റെ ഇസ്രയേല്‍ അറബ് വോട്ടര്‍മാരെ കുറിച്ചുള്ള പരാമര്‍ശത്തേയും അമേരിക്ക വിമര്‍ശിച്ചു. തനിക്കെതിരെ അറബ് വോട്ടര്‍മാര്‍ ഒരു പറ്റമായി പ്രവര്‍ത്തിക്കുകയാണ് എന്നായിരുന്നു ക്രുദ്ധനായ നെതന്യാഹു ഒരു പ്രാചാരണ യോഗത്തില്‍ പൊട്ടിത്തെറിച്ചത്.
തെരഞ്ഞെടുപ്പില്‍ അറബ് കക്ഷികള്‍ക്ക് എല്ലാം കൂടി 13 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഒറ്റക്ക് ഭരിക്കാനില്ലാത്ത ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ലിക്കുഡ് പാര്‍ട്ടി കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ച് അധികാരത്തില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല