സ്വന്തം ലേഖകന്‍: പ്രതിഷേധം വ്യാപകം, ഇസ്രയേല്‍ അഭിപ്രായ സ്വാതന്ത്ര്യ നിയമം തിരുത്തുന്നു. പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വതന്ത്രാഭിപ്രായം അറിയിക്കുന്നതിനെതിരെ ഇസ്രയേലില്‍ പുതുതായി കൊണ്ടുവന്ന നിയമമാണ് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുയത്. ജനാഭിപ്രായം മാനിച്ചു നിയമം പുനഃപരിശോധിക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. ഇസ്രയേല്‍ പാര്‍ലമെന്റില്‍ ഈ നിയമത്തിനുള്ള ഭേദഗതി ഇന്നുതന്നെ കൊണ്ടുവരുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയുടെ ആരംഭത്തിലാണു പുതിയ നിയമം കൊണ്ടുവന്നത്. ടിവി സംപ്രേഷണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വന്ത അഭിപ്രായം പറയുന്നതിനു കൂച്ചുവിലങ്ങിടുന്ന നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതുജനങ്ങളും രംഗത്തു വരികയായിരുന്നു.
നിയമം ഉടനടി പിന്‍വലിക്കണമെന്ന് ഇസ്രയേല്‍ പ്രസ്‌കൗണ്‍സിലും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിര്‍ദിഷ്ട നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ഇസ്രയേല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി (ഐബിഎ) യുടെ ചുമതലയുള്ള മന്ത്രി ജനാഭിപ്രായം എതിരായതിനെ തുടര്‍ന്നു രാജിവച്ചതും സ്ഥിതി വഷളാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല