സ്വന്തം ലേഖകൻ: യുദ്ധാനന്തരം ഗാസ പുനർനിർമിക്കാൻ അറബ് -പാശ്ചാത്യ രാഷ്ട്രങ്ങളുടെ ബഹുരാഷ്ട്ര കൂട്ടായ്മ ഒരുക്കാൻ ഉദ്ദേശിക്കുന്നതായി ഇസ്രയേൽ. പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് മാധ്യമപ്രവർത്തകരോട് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. എന്നാൽ, ഭരണം ഹമാസിനെ ഏൽപിക്കില്ലെന്നും ഹമാസിന് ഗാസയിൽ യാതൊരു സ്ഥാനവും ഉണ്ടാകില്ലെന്നും തീവ്ര സയണിസ്റ്റ് വക്താവായ ഗാലന്റ് പറഞ്ഞു.
‘യുദ്ധാനന്തര ഗാസയിലെ കാര്യങ്ങളിൽ ഇസ്രയേലിന് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ, ഇസ്രയേലി കുടിയേറ്റം ഉണ്ടാകില്ല. ഗാസ നിവാസികൾ പലസ്തീൻകാരാണ്. അതിനാൽ ഇസ്രയേലിനെതിരെ ശത്രുതാപരമായ നടപടികളോ ഭീഷണികളോ ഉണ്ടാകില്ലെന്ന വ്യവസ്ഥയോടെ പലസ്തീനികൾക്കായിരിക്കും ഗാസയുടെ ഭരണചുമതല” -ഗാലന്റിന്റെ ഓഫിസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിന്റെ സമാധാനവും സുരക്ഷിതത്വവും ഉറപ്പിക്കാൻ ഗാസയുടെ അതിരുകളിൽ ഈജിപ്തും ഇസ്രയേലും യുഎസും ചേർന്ന് കർശന നിരീക്ഷണം ഏർപ്പെടുത്തും. ഇപ്പോൾ വെസ്റ്റ് ബാങ്കിൽ ചെയ്യുന്നത് പോലെ ഏത് സമയവും ഗാസയിൽ എവിടെയും ഇസ്രയേൽ സൈനിക പരിശോധന നടത്തും. തങ്ങളുടെ മുന്നിലുള്ള നിരവധി പദ്ധതികളിൽ ഒന്നാണിതെന്നും ഇതുസംബന്ധിച്ച് ഇസ്രയേൽ വിശദമായ ചർച്ച നടത്തുമെന്നും ഗാലന്റ് വ്യക്തമാക്കി.
ഗാസയിൽ നിലവിലുള്ള ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേൽ നീക്കം. തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും വെവ്വേറെ യുദ്ധ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് ഗാലന്റ് പറഞ്ഞു. വടക്കൻ മേഖലയിൽനിന്ന് ഹമാസ് പോരാളികളെ ഇല്ലാതാക്കാനും തെക്കൻ ഗാസയിലെ തുരങ്കങ്ങൾ തകർക്കാനും വ്യോമ, കര ആക്രമണങ്ങൾ ശക്തിപ്പെടുത്താനുമാണ് തീരുമാനം.
ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ തെക്കൻ ഗാസയിലാണ് താമസിക്കുന്നത്. പലരും ടെന്റുകളിലും മറ്റ് താൽക്കാലിക ഷെൽട്ടറുകളിലുമാണ് താമസം. ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനും ഇസ്രയേലി ബന്ദികളെ രക്ഷിക്കാനും യുദ്ധം നടത്തുമെന്നും ആവശ്യമെന്ന് തോന്നുന്നിടത്തോളം ഇത് തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ ജനതക്ക് നേരെ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേൽ അതിക്രമം ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തോടെയാണ് രൂക്ഷമാക്കിയത്. ഗാസയിൽ ഇതിനകം 22,400ലധികം ആളുകൾ കൊല്ലപ്പെട്ടു. അരലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും തകർക്കുകയും ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല