സ്വന്തം ലേഖകന്‍: ഗാസയില്‍ ഹമാസ്, ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; ഹമാസിന്റെ ടിവി സ്റ്റേഷന്‍ ഇസ്രയേന്‍ സേന ബോംബിട്ട് തകര്‍ത്തു. ഹമാസിന്റെ നിയന്ത്രണത്തില്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അക്‌സ ടിവി സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഞായറാഴ്ച 6 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ ആക്രമണത്തിനു തിരിച്ചടിയായി തിങ്കളാഴ്ച രാത്രിക്കുശേഷം തെക്കന്‍ ഇസ്രയേലിലേക്കു 400ലേറെ റോക്കറ്റുകള്‍ ഹമാസ് തൊടുത്തു. ചെറുപീരങ്കികളും പ്രയോഗിച്ചു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ 150 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. 2014 നുശേഷം ആദ്യമായാണു ഹമാസും ഇസ്രയേല്‍ സൈന്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
തെക്കന്‍ ഇസ്രയേലിലെ പതിനായിരക്കണക്കിനു താമസക്കാരെ ബങ്കറുകളിലേക്കു മാറ്റി. അതേസമയം ഇസ്രയേല്‍ നടത്തിയ കനത്ത വ്യോമാക്രമണങ്ങളില്‍ ഗാസാ മുനമ്പില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഹമാസിന്റെ അല്‍ അഖ്‌സ ടിവി സ്റ്റേഷനും സുരക്ഷാ ആസ്ഥാനവും തകര്‍ന്നു. പലസ്തീന്‍ മേഖലയില്‍ 25 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ ഇസ്രയേലില്‍ ഒരു പലസ്തീന്‍ തൊഴിലാളി കൊല്ലപ്പെട്ടു. പരുക്കേറ്റ 27 പേരില്‍ 3 പേരുടെ നില ഗുരുതരമാണ്. ഇസ്രയേല്‍ സൈനികരുടെ ബസില്‍ ടാങ്ക്‌വേധ മിസൈല്‍ പതിച്ച് ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇരുപക്ഷത്തും സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
ഞായറാഴ്ച ഗാസാ മുനമ്പില്‍ നുഴഞ്ഞുകയറിയ ഇസ്രയേല്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് സംഘം, ഹമാസ് കമാന്‍ഡറെ വധിച്ചതാണു സംഘര്‍ഷത്തിനു കാരണമായത്. കൊല്ലപ്പെട്ട 6 പലസ്തീന്‍കാരില്‍ 4 പേര്‍ ഹമാസ് പോരാളികളാണെന്നു റിപ്പോര്‍ട്ടുണ്ട്. ആക്രമണങ്ങള്‍ക്കു കനത്ത തിരിച്ചടി തുടരുമെന്ന് ഇരുപക്ഷവും വെല്ലുവിളി ഉയര്‍ത്തിയതോടെ മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്ത് രംഗത്തെത്തി. കഴിഞ്ഞ മാര്‍ച്ച് 30 നുശേഷം ഗാസ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ ഇസ്രയേലിന്റെ സൈനിക നടപടികളില്‍ 233 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല