സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഒരു നഴ്‌സും ആംബുലൻസ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കൽ എയ്ഡ് ഓർഗനൈസേഷൻ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു.
ഇസ്രയേലിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസാ മുനമ്പിൽ നിന്ന് റോക്കറ്റുകളുടെ ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന്റെ ആക്രമണം. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന കനത്ത ആക്രമണമാണിത്. ഇസ്രയേലിന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കി. ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഇവരിൽ പലരേയും ഗാസയിലേക്ക് കടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ ഐഡിഎഫ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റയിൻ ബർഗ് കൊല്ലപ്പെട്ടു. യുദ്ധത്തിൽ ഇസ്രയേലിന് പൂർണ പിന്തുണയെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിന് സഹായം നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
ഇരുപതിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേൽ തീരുമാനം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. അതേസമയം പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.
ആക്രമണം തുടരുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. 20 മിനുട്ടിനിടെ 5000 റോക്കറ്റുകൾ ഇസ്രയേലിനെതിരെ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടിരുന്നു.
ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ യുഎൻ അപലപിച്ചിരുന്നു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇസ്രയേൽ-ഗസ ആക്രമണത്തെ തുടർന്ന് ഇന്ന് യുഎന്നിൻ്റെ അടിയന്തര സുരക്ഷാ സമിതി യോഗം ചേരുന്നുണ്ട്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ ഇന്ത്യ, അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഹമാസിന്‍റെ ആക്രമണം ന്യായീകരിക്കാവുന്നതല്ലെന്നും അമേരിക്ക പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
അതേസമയം ഹമാസിനെ പിന്തുണച്ച് ലെബനൻ രംഗത്തെത്തി. നേരത്തെ ഇറാനും ഖത്തറും ഹമാസിനെ പിന്തുണച്ചിരുന്നു. ഇത് അഭിമാനപോരാട്ടമാണ് എന്നാണ് ഇറാൻ അഭിപ്രായപ്പെട്ടത്. ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സേനയെ വിന്യസിച്ചിട്ടുണ്ട്. തെക്കൻ ഇസ്രയേലിൽ ഹമാസ് വൈദ്യുതി നിലയം ആക്രമിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നു. ആക്രമണത്തിൽ നിലയത്തിന് കേടുപാടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇസ്രയേലിൽ വൈദ്യുതി ബന്ധം താറുമാറായ സ്ഥിതിയാണ്. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല