സ്വന്തം ലേഖകൻ: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും നിരീക്ഷിച്ചു വരികയാണ്. ഇന്ത്യന്‍ എംബസി എന്തിനും സജ്ജം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കുടുംബം പറഞ്ഞു.
ഇസ്രയേലിലുള്ള 18000 ല്‍ അധികം വരുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രതയാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഹമാസ് കടന്നു കയറ്റം ഇസ്രയേലിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മാത്രമാണ് ഉണ്ടായത്. ഇനിയും കാര്യങ്ങള്‍ കൈവിട്ടുപോകില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഉടനടി ഇന്ത്യക്കാരെ ഒഴിപ്പിക്കില്ല.
അതേസമയം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ നടപടി ഉണ്ടാകും. ഇന്ത്യന്‍ എംബസിയുമായി നിരന്തരം ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം എംബസിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അതിനും കഴിവുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജ കുടുംബവുമായി സംസാരിച്ചിരുന്നു. മികച്ച ചികിത്സയാണ് ലഭിക്കുന്നത്. അതിനാല്‍ ഇസ്രായേലില്‍ തുടരുകയാണ് എന്ന കാര്യം കുടുംബത്തെ അറിയിച്ചു. ഇസ്രായേലിലുള്ള മലയാളിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല