സ്വന്തം ലേഖകൻ: ഇസ്രയേലിൽ കെയർടേക്കർ ജോലിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 50 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ പിടിയിൽ. കുട്ടമംഗലം ഊന്നുകൽ തളിച്ചിറയിൽ ടി.കെ.കുര്യാക്കോസ് (58), മുരിക്കാശ്ശേരി ചിറപ്പുറത്ത് എബ്രഹാം(59), എബ്രാഹാമിൻറെ ഭാര്യ ബീന (51) എന്നിവരെയാണ് മുരിക്കാശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.
എം ആൻഡ് കെ ഗ്ലോബൽ ഇൻറർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ ഒരു വർഷംമുമ്പ് അടിമാലിയിലും പിന്നീട് മുരിക്കാശ്ശേരിയിലും എറണാകുളം ജില്ലയിലെ തലക്കോടും ഓഫീസുകൾ തുറന്നാണ് തട്ടിപ്പു നടത്തിയത്. വീസയ്ക്കായി കേരളത്തിലെ വിവിധ ജില്ലകളിലെ ഉദ്യോഗാർഥികളിൽനിന്ന് ഒരു ലക്ഷം രൂപ മുതൽ 15 ലക്ഷം വരെയാണ് വാങ്ങിയത്.
ഒരാൾക്കുപോലും ഒരു വർഷം കഴിഞ്ഞിട്ടും വീസ നൽകിയില്ല. ഉദ്യോഗാർഥികൾ പണം തിരികെ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. ഉടൻ വീസ ശരിയാകുമെന്ന് അറിയിച്ച ഇവർ ആളുകളെ തിരിച്ചയച്ചു. തുടർന്നും ഉദ്യോഗാർഥികൾ എത്താൻ തുടങ്ങിയതോടെ ചെക്കും പ്രമാണവും കൊടുത്ത് തട്ടിപ്പുസംഘം അവധി പറഞ്ഞു. പറഞ്ഞ അവധികൾ പലതും കഴിഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്.
190 പേരുടെ പരാതികൾ ഇതിനോടകം എറണാകുളം ജില്ലയിലെ തലക്കോടും, ഇടുക്കിജില്ലയിലെ അടിമാലിയിലും മുരിക്കാശ്ശേരി സ്റ്റേഷനുകളിലുമായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈദികനെന്ന വ്യാജേനയാണ് കുര്യാക്കോസ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
ഇടുക്കി എസ്.പി. ടി.കെ.വിഷ്ണുപ്രദീപിന്റെ നിർദേശത്തെത്തുടർന്ന് ഇടുക്കി ഡിവൈ.എസ്.പി. സജു വർഗീസിന്റെ നേതൃത്വത്തിൽ മുരിക്കാശ്ശേരി എസ്.എച്ച്.ഒ. അനിൽകുമാർ, എസ്.ഐ.മാരായ ജിജി, ഡെജി പി.വർഗീസ്, സി.പി.ഒ.മാരായ പ്രവീൺ, ധന്യ, സംഗീത എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല