സ്വന്തം ലേഖകൻ: ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ പരിക്കേറ്റ മലയാളി നഴ്സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ഷീജ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം ഷീജയെ കൂടുതല്‍ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെയാണ് ഷീജയ്ക്ക് മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭര്‍ത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നിലവില്‍ ശസ്ത്രക്രിയകഴിഞ്ഞ് ടെല്‍ അവീവ് ആശുപത്രിയില്‍ ഷീജ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല