സ്വന്തം ലേഖകൻ: ഇസ്രയേലിലേക്ക് തീർത്ഥാടനത്തിന് പോയ മലയാളി സംഘത്തില്‍ നിന്ന് അംഗങ്ങളെ കാണാതായെന്ന് പരാതി. ഏഴു പേരെയാണ് കാണാതായത്. കാണാതായവരിൽ അഞ്ചുപേർ തിരുവനന്തപുരം സ്വദേശികളും രണ്ടുപേർ കൊല്ലം ജില്ലക്കാരുമാണ്. ജെറുസലേമിലുള്ള മസ്ജിദ് അൽ അഖ്സയിൽ വെച്ചാണ് സംഘത്തിലെ ഏഴുപേരെ കാണാതായത്.
ഇവർ ബോധപൂർവ്വം മുങ്ങിയതാണെന്നാണ് ആരോപണം. കാണാതായവരെ കണ്ടെത്തുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവൽ ഏജൻസി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ജൂലൈ 25നാണ് യാത്ര പുറപ്പെട്ടത്. അന്താരാഷ്ട്ര ടൂർ പാക്കേജുകൾ നടത്തുന്ന ഓപ്പറേറ്റർമാരായ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ് സർവീസിൻ്റെ നേതൃത്വത്തിൽ 47 പേരടങ്ങുന്ന സംഘവുമായാണ് യാത്ര പുറപ്പെട്ടത്.
സുലൈമാൻ എന്നയാളാണ് കാണാതായ എല്ലാ യാത്രക്കാരുടേയും പേര് ബുക്ക് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഏജന്റുമാരുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ട്രാവൽ ഏജൻസി അധികൃതർ ആരോപിച്ചു.
ഒമ്പത് യാത്രക്കാരുടെ വീസ നിരസിച്ചതോടെ 38 യാത്രക്കാർ ജൂലൈ 27ന് ഇസ്രയേലിൽ പ്രവേശിച്ചു. ഏഴ് പേർ മുങ്ങിയതോടെ യാത്രാ സംഘത്തിലെ ബാക്കിയുള്ള 31 പേരെ ഇസ്രയേൽ ടൂർ കമ്പനി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. കാണാതായ ആളുകളെ കണ്ടെത്തി കൊടുക്കുകയോ വന്‍തുക പിഴ നല്‍കുകയോ ചെയ്യണമെന്നാണ് ഭീഷണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല