
സ്വന്തം ലേഖകൻ: വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്. 48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്.
സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അവകാശപ്പെട്ടു. ഭീകരരുടെ കൈവശമെത്താതിരിക്കാനാണ് ഇവ തകര്‍ത്തതെന്നും ഐ.ഡി.എഫ്. കൂട്ടിച്ചേര്‍ത്തു. രണ്ട് നാവിക കേന്ദ്രങ്ങളിലായി 15 നാവികസേനാ കപ്പലുകള്‍, വിമാന വേധ മിസൈലുകള്‍, ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍, കടലില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍ ഉള്‍പ്പെടെ നിരവധി മിസൈലുകള്‍ എന്നിവയെല്ലാം തകര്‍ത്തതായി ഐ.ഡി.എഫ്. അവകാശപ്പെട്ടു.
ബാഷര്‍ അല്‍-അസദിന്റെ ഭരണം വീണ ദിവസം പശ്ചിമേഷ്യയ്ക്ക് ചരിത്രദിനമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന് നേതൃത്വം നല്കുന്ന ‘ചെകുത്താന്റെ അച്ചുതണ്ടി’ന്റെ പ്രധാന കണ്ണിയുടെ പതനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല