സ്വന്തം ലേഖകന്‍: ഇന്ത്യ ഉറ്റ സുഹൃത്ത്; ഭീകരരെ തകര്‍ക്കാന്‍ നിരുപാധിക പിന്തുണയുമായി ഇസ്രയേല്‍; ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേല്‍. ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന്‍ കൂടുതലായി ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകള്‍.
ഇന്ത്യയില്‍ പുതുതായി നിയമിതനായ ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മല്‍ക്ക ആണു പിന്തുണ അറിയിച്ചത്. ഇന്ത്യയ്ക്കു പ്രതിരോധിക്കാന്‍ എന്താണോ വേണ്ടത്, അതു നിയന്ത്രണമില്ലാതെ നല്‍കും. അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കു ഭീകരവാദത്തെ പ്രതിരോധിക്കാന്‍ എല്ലാവിധ സഹായവും നല്‍കാനൊരുക്കമാണ്. ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നമാണു ഭീകരവാദമെന്നും റോണ്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
‘ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കു തങ്ങളുടെ അറിവ്, സാങ്കേതികത തുടങ്ങിയവ പങ്കുവയ്ക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇന്ത്യയിലേക്കു നിയോഗിച്ചപ്പോള്‍, ഈ രാജ്യം വളരെ പ്രധാനപ്പെട്ട സുഹൃത്താണെന്നും ബന്ധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു,’ പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഉടന്‍ തന്നെ ഇന്ത്യയോടൊപ്പമുണ്ടെന്നു റോണ്‍ വിശദമായി ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു മറുപടി നല്‍കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്കു പിന്തുണ ആവര്‍ത്തിച്ചു യുഎസ് രംഗത്തെത്തി. ഭീകരാക്രമണത്തിന്റെ വേരറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ബെംഗളൂരുവില്‍ പറഞ്ഞു. ‘പുല്‍വാമ ആക്രമണത്തെ യുഎസ് അപലപിച്ചിരുന്നു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നേരത്തേയും യുഎസ് നിലപാടെടുത്തിട്ടുണ്ട്. പാക്കിസ്ഥാനു സൈനിക സഹായം നല്‍കുന്നതു യുഎസ് നിര്‍ത്തി,’ കെന്നത്ത് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല