സ്വന്തം ലേഖകൻ: അഞ്ച് ലക്ഷത്തോളം ആളുകള്‍ വടക്കന്‍ ഗാസ ഉപേക്ഷിച്ച് പോയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. തെക്കന്‍ ഗാസയിലേയ്ക്ക് പോകുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ഹമാസ് ശ്രമിക്കുന്നതായും ഇസ്രയേല്‍ സേന ആരോപിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകുന്നതിനായി രണ്ട് സുരക്ഷിത പാതകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി. സുരക്ഷിതമെന്ന് വ്യക്തമാക്കിയ പാതയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും 70പേര്‍ കൊല്ലപ്പെട്ടതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഹമാസിനെയും ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങളെയുമാണ് ആക്രമിക്കുന്നതെന്നും ഹമാസ് കമാന്‍ഡര്‍മാരെയാണ് വേട്ടയാടുന്നതെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. ‘ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലക്ഷ്യത്തെ അക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിമിതികളുണ്ടെന്നും യാദൃശ്ചികമായി സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും’ സൈനിക വ്യക്താവ് പറഞ്ഞു. വ്യക്തമായ കാരണങ്ങളാല്‍ മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കാനോ വീടുകളില്‍ തട്ടി അറിയിക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കിയ ഐഡിഎഫ് ഇങ്ങനെ ചെയ്യുന്നത് ലക്ഷ്യമിടുന്ന വ്യക്തികള്‍ ഈ വിവരം അറിയാനും രക്ഷപെടാനും വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിച്ചു.
ഗാസയില്‍ അധിനിവേശം നടത്താന്‍ ഇസ്രയേലിന് ഒരു താല്‍പ്പര്യവുമില്ലെന്ന് യുഎന്നിലെ ഇസ്രയേല്‍ അംബാസിഡര്‍ ഗിലാദ് എര്‍ദാന്‍ പ്രതികരിച്ചു. അതിജീവനത്തിന് വേണ്ടിയാണ് ഇസ്രയേല്‍ പോരാടുന്നത്. ഹമാസിനെ തുടച്ചുമാറ്റാനുള്ള ഏകവഴി ഇതാണ്. അതിനായി ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഗിലാദ് എര്‍ദാന്‍ പ്രതികരിച്ചു.
നേരത്തെ ഇസ്രയേലിന്റെ ഗാസ അധിനിവേശത്തെ പിന്തുണയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നിരുന്നു. ഇസ്രയേല്‍ ഹമാസിനെ ഇല്ലാതാക്കേണ്ടതുണ്ട് പക്ഷെ ഗാസയെ അധീനപ്പെടുത്താനുള്ള നീക്കം വലിയ തെറ്റാണ് എന്നായിരുന്നു ബൈഡന്റെ നിലപാട്. ഒരു പലസ്തീനിയന്‍ ഭരണകൂടവും രാജ്യവും ആവശ്യമാണെന്ന നിലപാടും ബൈഡന്‍ മുന്നോട്ടുവച്ചിരുന്നു പലസ്തീനിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നില്ലെന്നും ബൈഡന്‍ ചൂണ്ടിക്കാണിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ഗിലാദ് എര്‍ദാന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല