സ്വന്തം ലേഖകന്‍: ഇസ്രയേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം; പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചു. വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ചും പലസ്തീന്‍ പ്രദേശത്തു നടത്തുന്ന മനുഷ്യവാകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്തീന്‍ അതോറിറ്റി ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതിയെ (ഐസിസി) സമീപിച്ചത്.
ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ ഫത്തേ ബെന്‍സൗദയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച രേഖകള്‍ പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് മല്‍കി സമര്‍പ്പിച്ചു. 2014ല്‍ പലസ്തീന്‍ ഐസിസി അംഗത്വം നേടിയതിനെതുടര്‍ന്ന് അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു രാജ്യാന്തര കോടതി പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പൂര്‍ണ അന്വേഷണം വേണമെന്ന പലസ്തീന്റെ ആവശ്യത്തെക്കുറിച്ച് ഐസിസി വൈകാതെ തീരുമാനമെടുക്കേണ്ടിവരും.
പലസ്തീന്റെ നടപടി പരിഹാസ്യമാണെന്നും അംഗമല്ലാത്തതിനാല്‍ രാജ്യാന്തര കോടതിക്കു നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഇസ്രയേല്‍ പ്രതികരിച്ചു. ഐസിസി അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരെയോ പ്രദേശത്തിനെതിരെയോ ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണു രാജ്യാന്തര കോടതി നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല