1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2023

സ്വന്തം ലേഖകൻ: ഇസ്രായേലില്‍ തടഞ്ഞുവെച്ച 31 അംഗ മലയാളി യാത്രാസംഘത്തെ മോചിപ്പിച്ചു. പാക്കേജ് ടൂറിന്റെ ഭാഗമായി ഇസ്രായേലിലെത്തിയ 38 അംഗ സംഘത്തില്‍ നിന്ന് ഏഴ് പേരെ കാണാതായതിനെ തുടര്‍ന്ന് ബാക്കിയുള്ളവരെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവച്ചത്. കാണാതായവരെ കണ്ടെത്തിയില്ലെങ്കില്‍ ഒരാള്‍ക്ക് 15,000 ഡോളര്‍ പിഴ അടയ്ക്കണമെന്ന് ഇസ്രായേലിലെ ട്രാവല്‍ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.

യാത്രാസംഘത്തെ കൊണ്ടുപോയ മലപ്പുറം ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ സര്‍വീസസ് ഇസ്രായേല്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. സംഘം നേരത്തെ നിശ്ചയിച്ചിരുന്ന പദ്ധതി അനുസരിച്ച് ഇപ്പോള്‍ ഈജിപ്തില്‍ യാത്ര തുടരുകയാണ്. ആഗസ്റ്റ് നാലിന് ഇവര്‍ തിരിച്ചെത്തുമെന്ന് ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അറിയിച്ചു. കാണാതായ ഏഴ് പേര്‍ക്ക് വേണ്ടി 17 ലക്ഷം രൂപയോളം പിഴയടയ്ക്കേണ്ടിവന്നെന്ന് ഗ്രീന്‍ ഒയാസിസ് എം ഡി ജലീൽ മങ്കരത്തൊടി പറഞ്ഞു.

ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെയുള്ള തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് ഗ്രീന്‍ ഒയാസിസ്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ചൊവ്വാഴ്ച 47പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെട്ടത്. സംഘം വ്യാഴാഴ്ച ജോര്‍ദാനിലെത്തി. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കാന്‍ വീസ കിട്ടിയില്ല. ബാക്കി 38 പേര്‍ ഇസ്രായേലിലെത്തി. ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ എത്തിയപ്പോള്‍ ട്രാവല്‍ ഏജന്‍സി പ്രതിനിധികളോട് പല കാരണങ്ങള്‍ പറഞ്ഞ് പുറത്തിറങ്ങിയ ഏഴ് പേരെയാണ് കാണാതായത്. ഇതോടെ സംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേല്‍ ടൂര്‍ കമ്പനി തടഞ്ഞുവച്ചു. ഈ കമ്പനിയുമായുള്ള ധാരണയിലാണ് ഗ്രീന്‍ ഒയാസിസ് യാത്രകള്‍ സംഘടിപ്പിക്കുന്നത്.

കാണാതായവര്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ്. തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നില്‍ വീട്ടില്‍ നസീര്‍ അബ്ദുള്‍ റബ്, മിതിര്‍മ്മല പാകിസ്താന്‍മുക്ക് ഇടവിള വീട്ടില്‍ ഷാജഹാന്‍ അബ്ദുള്‍ ഷുക്കൂര്‍, മണമ്പൂര്‍ കുളമുട്ടം അഹമ്മദ് മന്‍സില്‍ ഹക്കിം അബ്ദുള്‍ റബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പില്‍ വീട്ടില്‍ ഷാജഹാന്‍ കിതര്‍ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയര്‍കുഴി പാലക്കല്‍ കടക്കല്‍ ഷഫീഖ് മന്‍സിലില്‍ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്‌നേഹതീരം നവാസ് സുലൈമാന്‍ കുഞ്ഞ്, ഭാര്യ ബിന്‍സി ബദറുദ്ധീന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ ടെല്‍ അവീവിലുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരം ഗ്രീന്‍ ഒയാസിസിന് ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ജോലി തേടി മുങ്ങിയതാണെന്നാണ് ട്രാവല്‍ ഏജന്‍സിയുടെ ആരോപണം. ഇങ്ങനെ അനധികൃതമായി എത്തുന്നവര്‍ക്ക് ജോലി ഉള്‍പ്പെടെ ശരിയാക്കിക്കൊടുക്കുന്ന മലയാളി ഏജന്റുമാർ ഇസ്രായേലിലുണ്ടെന്ന് ഗ്രീന്‍ ഒയാസിസ് എം ഡി ജലീൽ മങ്കരത്തൊടി പറയുന്നു.

കാണാതായ ഏഴുപേരും സുലൈമാന്‍ എന്ന് പരിചയപ്പെടുത്തിയ സോണി സോളമന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇവര്‍ക്കെല്ലാമുള്ള പണമടച്ചതും ഇയാള്‍ തന്നെയായിരുന്നു. സംഭവത്തിന് ശേഷം സോണിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സി പറയുന്നു. കാണാതായവരുടെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ ട്രാവല്‍ ഏജന്‍സി പ്രതിനിധികളുടെ കൈയിലാണ്. കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന-ജില്ലാ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ക്ക് ട്രാവല്‍ ഏജന്‍സി പരാതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് മാസത്തില്‍ ഗ്രീന്‍ ഒയാസിസ് സംഘടിപ്പിച്ച യാത്രയിലും സമാനസംഭവമുണ്ടായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരെയാണ് അന്ന് കാണാതായത്. ഇവരെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തീര്‍ഥയാത്രയിലൂടെ ഇസ്രായേലിലേക്ക് കടക്കാന്‍ സഹായിക്കുന്ന റാക്കറ്റ് കേരളത്തിലും ഇസ്രായേലിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സിയുടെ ആരോപണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വിശ്വാസ്യത തകര്‍ക്കുമെന്നും ഗ്രീന്‍ ഒയാസിസ് എം ഡി പറയുന്നു. തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഈ മാഫിയയുടെ പ്രവര്‍ത്തനം. സുലൈമാന്‍ എന്ന സോണിയെ കണ്ടെത്തിയാല്‍ ഈ റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നും ജലീൽ മങ്കരത്തൊടി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.