1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2023

സ്വന്തം ലേഖകൻ: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്.

നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി. എന്നാല്‍ തുരങ്കത്തിലൂടെ ഇസ്രയേലിലേക്ക് കടക്കാനാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലാണ് തുരങ്കമുള്ളത്. നിരവധി ശാഖകളും ജങ്ഷനുകളും ഉള്ള ഈ തുരങ്കത്തില്‍ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ട്. തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്‌ഫോടനമടക്കം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളുണ്ട്. ഇത് ഇസ്രയേല്‍ സൈന്യം പ്രവേശിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചിട്ടുള്ളതാകാമെന്നും ഐഡിഎഫ് വ്യക്തമാക്കി.

ഹമാസിന്റെ വടക്കന്‍ കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റേയും സഹോദരന്‍ യഹിയ സിന്‍വാറിന്റേയും നേതൃത്വത്തില്‍ നിര്‍മിച്ചതാണ് ഈ തുരങ്കമെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ മറ്റു തുരങ്കങ്ങളില്‍ ഉപയോഗിക്കാത്ത തരത്തിലുള്ള സംവിധാനങ്ങളാണ് ഈ തുരങ്കത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഐഡിഎഫ് പറയുന്നു.

ഇതിനിടെ ഇസ്രയേല്‍ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയ സ്വന്തം പൗരന്‍മാരായ ബന്ദികള്‍ സഹായം തേടിയിരുന്നതിന്റെ തെളിവുകള്‍ കണ്ടെടുത്തതായും ഐഡിഎഫ് അറിയിച്ചു. ബന്ദികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന അടയാളങ്ങള്‍ എഴുതാന്‍ ശേഷിച്ച ഭക്ഷണം ഉപയോഗിച്ചതായാണ് ഇസ്രയേല്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇസ്രേയല്‍ സൈന്യം സ്വന്തം പൗരന്‍മാരായ മൂന്ന് ബന്ദികളെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സൈന്യത്തിന് നേരെയുള്ള ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ ഒരു കെട്ടിടത്തില്‍ വെച്ച് കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. സംഭവത്തില്‍ ഇസ്രയേലില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 120 ഓളം ബന്ദികള്‍ ഇപ്പോഴും ഗാസയിലുണ്ടെന്നാണ് വിവരം. ഇവരെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനു ഖത്തർ പുതിയ സമാധാനശ്രമം നടത്തുന്നതിനിടെ ഇസ്രയേൽ ഗാസയിലെങ്ങും ആക്രമണം ശക്തമാക്കി. 40 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. വാർത്താ വിനിമയ ബന്ധം പൂർണമായും തകർന്നതിനാലും മിസൈൽ ആക്രമണം തുടരുന്നതിനാലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയുന്നില്ലെന്ന് റെഡ് ക്രെസന്റ് അധികൃതർ പറഞ്ഞു. ഖാൻ യൂനുസ് പട്ടണം നിയന്ത്രണത്തിലായതായി ഇസ്രയേൽ സേന അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.