സ്വന്തം ലേഖകൻ: ലോകരാജ്യങ്ങളുടെ അഭ്യർഥന തള്ളി റഫയിൽ ഇസ്രയേൽ കടുത്ത നടപടിയുമായി മുന്നോട്ട്. ഗാസയ്ക്കും ഈജിപ്തിനുമിടയിലെ അതിർത്തി പട്ടണമായ റഫയിലെ അതിർത്തി കവാടം ഇസ്രയേൽ പട്ടാളം കയ്യേറി. ഗാസയിലേക്ക് രാജ്യാന്തരസഹായമെത്തിയിരുന്ന നിർണായക പാതയാണ് ഇസ്രയേൽ പിടിച്ചെടുത്തത്. അതിർത്തിപാത പിടിച്ചത് യുദ്ധം രൂക്ഷമാക്കുമെന്ന് ഈജിപ്ത് ആരോപിച്ചു. മറ്റൊരു പാതയായ കെരെം ശലോം നേരത്തേ തന്നെ ഇസ്രയേൽ അടച്ചിരുന്നു.
ഈജിപ്തും ഖത്തറും ചേർന്നു മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ വഴങ്ങിയിട്ടില്ല. തങ്ങളുടെ ആവശ്യങ്ങളെല്ലാം തഴഞ്ഞുള്ള വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, വീണ്ടും പരിശോധിക്കുകയാണെന്നും അറിയിച്ചു.
റഫ അതിർത്തിപാത കയ്യേറിയ പട്ടാളടാങ്കുകളുടെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. ഭീകരർ ഈ പാത ഉപയോഗിക്കുന്നതായി ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്നാണു നടപടിയെന്നാണ് അവകാശപ്പെടുന്നത്. കെരെം ശലോമിൽ 4 ഇസ്രയേൽ സൈനികരുടെ മരണത്തിൽ കലാശിച്ച ആക്രമണത്തിൽ റോക്കറ്റുകൾ ഹമാസ് തൊടുത്തത് റഫയിലെ അതിർത്തി കവാടത്തിനു സമീപത്തുനിന്നാണെന്നാണ് ആരോപണം.
യൂറോപ്പിൽ കൂടുതലിടങ്ങളിലേക്ക് യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭം പടരുകയാണ്. ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ പലസ്തീനെ അനുകൂലിച്ചു സമരം നടത്തിയ വിദ്യാർഥികൾക്കുനേരെ മുളകുസ്പ്രേയും ലാത്തിയും പ്രയോഗിച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ബെർലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയിലും പൊലീസ് നടപടിയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല