സ്വന്തം ലേഖകന്‍: ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടത്. ഇറാന്റെ പക്കല്‍ വന്‍ ആണവായുധ ശേഖരം ഉണ്ടായിരുന്നതിന്റെയും തെളിവുകള്‍ ഇസ്രയേല്‍ പുറത്തുവിട്ട രേഖകളില്‍ ഉണ്ടെന്നാണ് സൂചന.
ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ 2015ല്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും ഇസ്രയേല്‍ ആരോപിച്ചു. പ്രോജകട് അമാദ് എന്ന പേരില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവന്‍ രേഖകളും ലഭിച്ചുവെന്നും നെതന്യാഹു അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
സൗദിയും ഇസ്രയേലും സന്ദര്‍ശിച്ച പോംപിയോ ഇറാനെതിരായ നടപടികളുടെ വേഗം കൂട്ടാന്‍ ഇരുരാജ്യങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താന്‍ നെതന്യാഹു വ്യാജ തെളിവുകളുമായി എത്തിയതാണെന്ന് ഇറാന്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല