സ്വന്തം ലേഖകൻ: വധിക്കപ്പെട്ട ഇസ്മയില്‍ ഹനിയെയ്ക്കുപകരം യഹ്യ സിന്‍വറിനെ ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതികരണവുമായി ഇസ്രയേല്‍ നേതാക്കള്‍. സിന്‍വറിനെ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്‌സ്, ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും സംഘത്തെയും ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും പ്രതികരിച്ചു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് യഹ്യ സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാരിയുടെ പരാമര്‍ശം. സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്. സിന്‍വറിനുവേണ്ടി തങ്ങളൊരുക്കുന്ന ഒരേ ഒരിടം അതുമാത്രമാണെന്നും ഹഗാരി പ്രസ്താവിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഡിപ്ലോമസി ബ്യൂറോ ഡയറക്ടറും പ്രതികരണവുമായെത്തി. ഹമാസിന്റെ തീവ്രവാദവിഭാഗവും രാഷ്ട്രീയവിഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യഹ്യയുടെ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ യഹ്യക്കായുള്ള ‘വേട്ട’ അവസാനിപ്പിക്കില്ലെന്നായിരുന്നു ബ്യൂറോ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായി കണക്കാക്കുന്നത് സിന്‍വറിനെയാണ്. ഈ ആക്രമണത്തിനുശേഷം സിന്‍വര്‍ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ഹിനയെ, സിന്‍വര്‍, മുഹമ്മദ് ദെയ്ഫ്, മര്‍വാന്‍ ഈസ എന്നിവരെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തിരുന്നു. ഇവരില്‍ ഗാസയില്‍ ഒളിച്ചുകഴിയുന്ന സിന്‍വര്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല