സ്വന്തം ലേഖകന്‍: ഇസ്രായേലിലെ യു.എസ് എംബസി മേയ് 14 ന് തെല്‍ അവീവില്‍നിന്ന് ജറൂസലേമിലേക്ക് മാറ്റും. ഇതിന്റെ മുന്നോടിയായി ജറൂസലേം തെരുവുകളില്‍ എംബസിയിലേക്കുള്ള വഴികാണിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു. എംബസി മാറ്റത്തിനുള്ള മറ്റു ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലോകത്തിന്റെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടി പ്രഖ്യാപിച്ചത്.
ഔദ്യോഗികമായി എംബസി മാറുന്നതോടെ ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന നടപടിയാകുമത്. എംബസി ജറൂസലേമിലേക്ക് മാറ്റുന്ന ആദ്യ രാജ്യമാണ് യു.എസ്. കിഴക്കന്‍ ജറൂസലേമിലെ യു.എസ് കോണ്‍സുലേറ്റിന് സമീപത്താണ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അതിനിടെ, എംബസി മാറ്റത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ വിവിധ ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചടങ്ങ് നടക്കുന്ന സാഹചര്യത്തില്‍ വന്‍ പ്രതിഷേധം മുന്നില്‍ കണ്ട് ഇസ്രായേല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2016 ല്‍ യു.എസ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ കാലത്ത് ട്രംപ് പ്രഖ്യാപിച്ചതാണ് ജറൂസലേമിലേക്കുള്ള എംബസി മാറ്റം. ഡിസംബറില്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം യു.എന്‍ അടക്കമുള്ള അന്തരാഷ്ട്ര സംഘടനകള്‍ യു.എസ് നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഫലസ്തീനിലും വിവിധ രാജ്യങ്ങളിലും ശക്തമായ പ്രതിഷേധവുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല