സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയത്തിന് ഇന്ത്യ വോട്ട് ചെയ്തില്ല. ഗാസയിലും വെസ്റ്റ് ബാങ്കിലും കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ അക്കമിട്ടു നിരത്തുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്.
ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. 41 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. പക്ഷപാതപരമായ റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു എസ് എതിര്‍ത്തത്.
ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കെനിയ, എത്യോപ്യ, പരാഗ്വേ, മാസിഡോണിയ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തെ ഇസ്രായേല്‍ അപലപിച്ചു.
എന്നാല്‍, ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ കൈക്കൊണ്ട നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ജനീവയിലെ യു എന്‍ ഓഫീസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അജിത് കുമാര്‍ (ഐ സി സി) പറഞ്ഞു. ഇന്ത്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഭാഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീനെ ആദ്യമായി ഔദ്യോഗികമായി അംഗീകരിച്ച അറബ് ഇതര രാജ്യമാണ് ഇന്ത്യ. 1988ലാണ് ഫലസ്തീനെ ഇന്ത്യ അംഗീകരിച്ചത്. യു എന്നില്‍ ഇന്ത്യ എടുത്ത തീരുമാനത്തെ ഇസ്രായേല്‍ മാധ്യമങ്ങള്‍ വാഴ്ത്തി. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ സൂചനയാണെന്ന് ഇസ്രായേല്‍ പ്രമുഖ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല