സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ മന്ത്രി ബെന്നറ്റ് പാലം വലിച്ചില്ല; ഇസ്രയേലില്‍ നെതന്യാഹു മന്ത്രിസഭയ്ക്ക് ഭരണം തുടരാം. പ്രതിരോധമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ നെതന്യാഹുവിന്റെ സഖ്യകക്ഷി സര്‍ക്കാരില്‍നിന്നു പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനറ്റിന്റെ ജൂവിഷ് ഹോം പാര്‍ട്ടി പിന്മാറി. എട്ടു സീറ്റുകളാണ് പാര്‍ലമെന്റില്‍ ബെനറ്റിന്റെ പാര്‍ട്ടിക്കുള്ളത്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ തീവ്രവാദികള്‍ക്കു കീഴടങ്ങുന്നതിനു തുല്യമാണെന്നാണു കുറ്റപ്പെടുത്തി ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോര്‍ ലീബര്‍മാന്‍ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ കക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ സര്‍ക്കാരിനു പാര്‍ലമെന്റില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമായ സ്ഥിതിയില്‍ എത്തി.
ബെനറ്റിന്റെ കക്ഷി കൂടി പിന്തുണ പിന്‍വലിച്ചാല്‍ നെതന്യാഹു സര്‍ക്കാരിന് ഭരണം നഷ്ടമാകുകയും രാജ്യത്ത് തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യമായിരുന്നു. രാജ്യം സുരക്ഷാ ഭീഷണി നേരിടുമ്പോള്‍ ഭരണ പ്രതിസന്ധിക്ക് ഇടയാക്കരുതെന്ന് നെതന്യാഹു അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെ മാനിച്ച് പ്രശ്നങ്ങളെ പരിഹരിക്കാനാവശ്യമായ സമയം നല്‍കുകയാണെന്ന് ബെനറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല