1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2023

സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിനുപിന്നാലെ മറ്റു സുപ്രധാന ദൗത്യങ്ങൾക്കായും തയ്യാറെടുക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) ഗഗൻയാൻ, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്.

ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരദൗത്യമായിരുന്ന മാർസ് ഓർബിറ്റർ മിഷൻ അഥവാ മംഗൾയാന്റെ കണ്ടെത്തലുകൾക്ക് ലോകം അംഗീകാരം നൽകി. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ചന്ദ്രയാൻ-1 ആണ്. ഇതുകൊണ്ടുതന്നെ ഇന്ത്യയുടെ മറ്റു ഗ്രഹാന്തരദൗത്യങ്ങളെയും ശാസ്ത്രലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. മംഗൾയാന്റെ രണ്ടാം പര്യവേഷണത്തോടൊപ്പം സൂര്യനെക്കുറിച്ചും ശുക്രനെക്കുറിച്ചുമുള്ള പര്യവേഷണങ്ങൾക്കും തുടക്കംകുറിച്ചിരിക്കുകയാണ്.

സൂര്യനെ പഠിക്കാൻ ആദിത്യ

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ‘ആദിത്യ എൽ 1’ പേടകം വിക്ഷേപണത്തിന് തയ്യാറായിട്ടുണ്ട്. ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലായിരുന്നു നിർമാണം. ഈ മാസം അവസാനമോ സെപ്റ്റംബറിലോ വിക്ഷേപണമുണ്ടാകും. പി.എസ്.എൽ.വി. റോക്കറ്റ് പേടകത്തെ ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും.

378 കോടിരൂപയാണ് പേടകത്തിന്റെ ചെലവ്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്‌ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാൻ ദൗത്യം സഹായിക്കും. പ്രധാന പേലോഡായ വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.) നിർമിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്‌ (ഐ.ഐ.എ.) ആണ്. സൂര്യന്റെ കൊറോണയെപ്പറ്റിയാണ്(ബാഹ്യവലയം) വി.ഇ.എൽ.സി. പഠിക്കുന്നത്.

ബഹിരാകാശത്ത് മനുഷ്യനെയെത്തിക്കാൻ ഗഗൻയാൻ

ബഹിരാകാശത്ത് മനുഷ്യനെയെത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2025-ൽ നടന്നേക്കും. ഇതിനായി നാലു ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്. വ്യോമസേന പൈലറ്റുമാരായ ഇവർക്കുള്ള പരിശീലനം നടന്നുവരുകയാണ്. ബഹിരാകാശസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിൽ നിർണായകമായ പേടകത്തിലെ ഡ്രൗഗ് പാരച്യൂട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

അഞ്ചുമുതൽ ഏഴുദിവസംവരെ തങ്ങിയശേഷം യാത്രികരെ തിരികെയെത്തിക്കും. ഭൂമിയിൽനിന്ന്‌ 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്‌ പേടകത്തെയെത്തിക്കുന്നത്. ആളില്ലാത്ത പേടകത്തെ ബഹിരാകാശത്തെത്തിച്ച് രണ്ടുതവണ പരീക്ഷണം നടത്തിയശേഷമായിരിക്കും ഗഗൻയാൻ ദൗത്യം.

വ്യോമമിത്ര എന്ന വനിതാ റോബോട്ട്

ഗഗൻയാൻ ദൗത്യത്തിൽ ആദ്യം ബഹിരാകാശത്തെത്തുന്നത്, വനിതാ റോബോട്ടായ വ്യോമമിത്രയായിരിക്കും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുമുമ്പ് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകത്തിലായിരിക്കും റോബോട്ടുണ്ടാവുക. ബഹിരാകാശ യാത്രികരോടൊപ്പവും ഈ റോബോട്ടുണ്ടാകും. മനുഷ്യനു സമാനമായ പെരുമാറുന്ന തരത്തിലാണ് റോബോട്ടിന്റെ നിർമാണം.

പേടകത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും യാത്രികർക്കുള്ള ജീവൻരക്ഷാകാര്യങ്ങൾ ചെയ്യാനും റോബോട്ടിന് കഴിയും.
പേടകത്തിന്റെ സഞ്ചാരപഥത്തിലെ ചലനങ്ങളും പ്രതിസന്ധികളും റോബോട്ടിലൂടെ ശാസ്ത്രജ്ഞർക്ക് മനസ്സിലാകും. പേടകത്തിലെ കാർബൺ ഡൈ ഒക്സൈഡിന്റെ അളവ്, ഓക്സിജന്റെ അളവ് എന്നിവ നേരത്തേ കണ്ടെത്താൻ വ്യോമമിത്രയ്ക്ക് കഴിയും.

മംഗൾയാൻ-2

ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ദൗത്യത്തിന്റെ രണ്ടാം പര്യവേക്ഷണവും അടുത്തുനടക്കും. വിക്ഷേപണം 2025-ൽ നടന്നേക്കും. 2030-ൽ മംഗൾയാൻ-മൂന്നും ഐ.എസ്.ആർ.ഒ. ലക്ഷ്യംവെക്കുന്നുണ്ട്. ഇതിലൂടെ െചാവ്വയിൽ റോവർ ഇറക്കി പരീക്ഷണമാണ് ലക്ഷ്യംവെക്കുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തുന്നതിനു സമാനമായാണ് ചൊവ്വയിലും റോവർ ഇറക്കുന്നത്.

2013 നവംബർ അഞ്ചിന് ആദ്യ ചൊവ്വാദൗത്യം വിക്ഷേപിച്ചതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായിമാറിയിരുന്നു ഇന്ത്യ. 2014 സെപ്റ്റംബർ 24-നാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. 300 ഭൗമദിനങ്ങൾ നിണ്ടുനിന്ന യാത്ര വിജയകരമായിരുന്നു. ഭൂമിയും ചൊവ്വയും സൂര്യന്റെ എതിർദിശയിലായിരിക്കുമ്പോൾ മംഗൾയാൻ പുറപ്പെടുവിപ്പിച്ച എസ് ബാൻഡ് തരംഗങ്ങളിലൂടെ സൗര കൊറോണയെക്കുറിച്ച് പഠിക്കാനായതാണ് പ്രധാന നേട്ടം. മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയ ചൊവ്വയുടെ ചിത്രങ്ങളും സഹായകരമായി.

ശുക്രയാൻ-1

ചന്ദ്രൻ, സൂര്യൻ, ചൊവ്വ ദൗത്യങ്ങൾക്കുശേഷം ശുക്രനെക്കുറിച്ചുള്ള പഠനവും നടക്കും. വലുപ്പംകൊണ്ട് ആറാംസ്ഥാനത്തുള്ള ശുക്രൻ സൂര്യനും ചന്ദ്രനും കഴിഞ്ഞാൻ ആകാശത്ത് പ്രഭയോടെ കാണുന്ന ഗോളമാണ്. ജി.എസ്.എൽ.വി. മാർക്ക് രണ്ട് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ശുക്രയാൻ വിക്ഷേപിക്കുന്നത്. മംഗൾയാൻ രണ്ടിനുശേഷം വിക്ഷേപണം നടന്നേക്കും. ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുടെ സഹായം തേടാനും പദ്ധതിയുണ്ട്.

ശുക്രനിൽനിന്ന് കുറഞ്ഞ അകലമായ 500 കിലോമീറ്ററും കൂടിയ അകലമായ 60,000 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കുകയാണ് ലക്ഷ്യം. 500 മുതൽ 1000 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശുക്രനിലേക്കുള്ള ദൗത്യത്തിന് 19 മാസത്തിൽ ഒരിക്കൽമാത്രമാണ് അനുകൂലസാഹചര്യം (Optimal launch windows) ലഭിക്കുക. 2024 കഴിഞ്ഞാൽ വിക്ഷേപണത്തിന് 2026-ലോ 2028-ലോ വിക്ഷേപണസമയം കണ്ടെത്തേണ്ടിവരും. അല്ലെങ്കിൽ 2031 വരെ കാത്തിരിക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.