1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2022

സ്വന്തം ലേഖകൻ: ബാഹുബലി, ഫാറ്റ്ബോയ് തുടങ്ങിയ വിളിപ്പേരുകളിലറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ജിഎസ്എൽവി മാർക്ക്–3 എന്ന റോക്കറ്റ് 36 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപന സാക്ഷാത്കാരത്തിലേക്കാണ്. ഞായർ പുലർച്ചെ 12.07ന് വൺവെബ് ഇന്ത്യ–1 ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പറന്നുയരുകയായിരുന്നു. 19 മിനിറ്റിനുള്ളിൽ ആദ്യ 4 ഉപഗ്രഹങ്ങൾ നിർദിഷ്ട ഭ്രമണപഥത്തിൽ എത്തി. 34–ാം മിനിറ്റിൽ എട്ട് ഉപഗ്രഹങ്ങൾ. പുലർച്ചെ ഒന്നരയോടെ എല്ലാ ഉപഗ്രഹങ്ങളും വേർപെട്ടതായും വിക്ഷേപണം വിജയകരമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.

ഈ ദൗത്യത്തോടെ രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യ പുതുശക്തിയായി മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കമായെന്നാണ് ദൗത്യം വിജയത്തിനുപിന്നാലെ ഐഎസ്ആർഒ ചെയർമാൻ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഐഎസ്ആർഒയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയും (എൻഎസ്‌ഐഎൽ) ബ്രിട്ടിഷ് സ്റ്റാർട്ടപ്പായ വൺവെബുമായുള്ള ആദ്യ വാണിജ്യ കരാറിന്റെ ഭാഗമായാണ് വിക്ഷേപണം. എൻഎസ്‌ഐഎലിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വാണിജ്യ കരാറാണ് ഇത്. 150 കിലോഗ്രാം ഭാരം വീതമുള്ളതാണ് 36 ഉപഗ്രഹങ്ങളും. കഴിഞ്ഞ ജൂലൈയിൽ പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ന്യൂ സ്പേസ് ഇന്ത്യ ആദ്യ വാണിജ്യ വിക്ഷേപണം നടത്തിയത്.

ഇതാദ്യമായാണ് ജിഎസ്എല്‍വി റോക്കറ്റിനെ ഉപയോഗിക്കുന്നത്. കൂടുതൽ ഭാരം വഹിച്ച് ഭ്രമണപഥങ്ങളിൽ എത്തിക്കാം എന്നതാണ് ഇതിന്റെ മേന്മ. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് എൽവിഎം –3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) എന്ന പേരിലാണ് ജിഎസ്ൽവി മാർക്ക്–3യെ ഈ ദൗത്യത്തിൽ ഉപയോഗിച്ചത്.

യുക്രെയ്‌ൻ യുദ്ധത്തെത്തുടർന്ന് സാറ്റ്‌കോം കമ്പനി ഉപഗ്രഹ വിക്ഷേപണത്തിനായി റഷ്യൻ ബഹിരാകാശ കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ഐഎസ്ആർഒയുടെ സേവനം ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു. റഷ്യ-.യുക്രെയ്ൻ സംഘർഷത്തെത്തുടർന്നാണ് കസഖ്സ്ഥാനിലെ റഷ്യയുടെ ബൈക്ക്നൂർ കോസ്‌മോഡ്രോമിൽ നിന്നുള്ള എല്ലാ വിക്ഷേപണങ്ങളും കമ്പനി താൽക്കാലികമായി നിർത്തിവച്ചത്.

വൺവെബിന്റെ ഉപഗ്രഹ നിർമാണമെല്ലാം യുഎസിലാണ്. ഫ്ലോറിഡയില്‍നിന്നു പ്രത്യേക ചരക്കുവിമാനങ്ങളിലാണ് ഉപഗ്രഹങ്ങൾ ചെന്നൈയിൽ എത്തിച്ചത്. അവിടെനിന്നു റോഡുമാര്‍ഗം ശ്രീഹരിക്കോട്ടയിൽ എത്തിക്കുകയായിരുന്നു. 2023നകം 648 ഉപഗ്രഹങ്ങളുമായി ആഗോള അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് സേവനം കൊണ്ടുവരാനാണ് വൺവെബിന്റെ ലക്ഷ്യം. 2023 ജനുവരിയിൽ വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി ഐഎസ്ആർഒ വിക്ഷേപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.