സ്വന്തം ലേഖകൻ: മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐഎസ്ആര്‍ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത് എന്ന് ബഹിരാകാശ ഏജന്‍സി ചെയര്‍മാന്‍ എസ്. സോമനാഥ് ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഐഎസ്ആര്‍ഒ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അടുത്ത ചുവടുവെക്കാന്‍ ലക്ഷ്യമിടുകയാണ്. രണ്ടോ മൂന്നോ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാനും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവരെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തിലെ മുന്‍കൂര്‍ നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാണ് പദ്ധതിയിടുന്നത്.
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി നാല് പൈലറ്റുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ബെംഗളുരുവിലെ ആസ്ട്രനട്ട് ട്രെയിന്ങ് ഫെസിലിറ്റിയില്‍ പരിശീലനത്തിലാണിവര്‍.
ആദ്യ ഗഗന്‍യാന്‍ ഗൗത്യത്തില്‍ എല്‍വിഎം3 വിക്ഷേപണ വാഹനം, ഓര്‍ബിറ്റല്‍ മോഡ്യൂള്‍, ക്രൂ മോഡ്യൂള്‍, സര്‍വീസ് മോഡ്യൂള്‍ ഉള്‍പ്പടെ സുപ്രധാനമായ നിരവധി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. മനുഷ്യരെ ബഹിരാകാശത്ത് അയക്കുന്നതിന് മുമ്പ് രണ്ട് തവണ ആളില്ലാ വിക്ഷേപണങ്ങള്‍ നടത്തും. കൂടാതെ, എയര്‍ ഡ്രോപ്പ് ടെസ്റ്റ്, പാഡ് അബോര്‍ട്ട് ടെസ്റ്റ് തുടങ്ങിയ മറ്റ് പരീക്ഷണങ്ങളും നടത്തും.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ടിവി-ഡി1 പരീക്ഷണ ദൗത്യം 2023 ഒക്ടോബറില്‍ വിക്ഷേപിച്ചിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല