സ്വന്തം ലേഖകന്‍: ഒരൊറ്റ വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങള്‍ 82, ചരിത്രം സൃഷ്ടിക്കാന്‍ ഐഎസ്ആര്‍ഒ. 2017 ജനുവരി 15 നാണ് 82 നാനോ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ വിശ്വസ്തനായ റോക്കറ്റ് കുതിച്ചുയരുക. ഒരേ ഭ്രമണപഥത്തിലാണ് എല്ലാ ഉപഗ്രഹങ്ങളും എത്തിക്കുക.സുബ്ബയ്യ അരുണന്റെ നേതൃത്വത്തിലാണ് ചരിത്ര പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ പുരേഗമിക്കുന്നത്.
വിക്ഷേപിക്കുന്നതില്‍ 60 എണ്ണം അമേരിക്കന്‍ ഉപഗ്രഹങ്ങളും 20 എണ്ണം യുറോപ്യന്‍ ഉപഗ്രഹങ്ങളും 2 എണ്ണം യുകെയുടേതുമാണ്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതിന്റെ റെക്കോര്‍ഡ് റഷ്യയ്ക്കാണുള്ളത്. 2014 ജൂണ്‍ 22ന് 37 ഉപഗ്രഹങ്ങളുമായാണ് റഷ്യന്‍ പേടകം ശൂന്യാകാശത്ത് എത്തിയത്. മുന്‍പ് അമേരിക്കയും 29 ഉപഗ്രഹങ്ങളുമായി മിസൈല്‍ അയച്ചിരുന്നു. ഇതിന് മുന്‍പ് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചതാണ് ഇന്ത്യയുടെ റെക്കോര്‍ഡ്.
ജിഎസ്എല്‍വി മാര്‍ക് മൂന്നിനു ശക്തി പകരാനുള്ള തദ്ദേശീയ ക്രയോജനിക് എന്‍ജിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് പരിശോധനകള്‍ നടന്നുവരുന്നു. ഇതിന്റെ പരിശോധനകൂടി പൂര്‍ത്തിയായാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല