
സ്വന്തം ലേഖകൻ: 40 ദിവസത്തെ സഞ്ചാരം പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ പേടകം ചന്ദ്രനെ തൊടും. പറയുമ്പോൾ എളുപ്പം പറഞ്ഞു പോകാമെങ്കിലും ഒട്ടും എളുപ്പമല്ല ഭൂമിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഘടനയുള്ള മറ്റൊരു ഗോളത്തിന്റെ ഉപരിതലത്തിലിറങ്ങൽ . അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ അവസാന 19 മിനിറ്റ് ഏറെ സങ്കീർണവും നിർണായകവുമാണ്.
പ്രൊപ്പൽഷൻ മൊഡ്യുൾ എന്ന മാതൃപേടകത്തിൽ നിന്ന് വേർപെട്ട ലാൻഡർ പേടകം രണ്ടു തവണയായി ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയ്ക്ക് വിധേയമായി ഇപ്പോൾ പരിക്രമണം ചെയ്യുന്നത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏറ്റവും അടുത്ത ദൂരം 25 കിലോമീറ്ററും അകലെയുള്ള ദൂരം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ്. മണിക്കൂറിൽ 6,000 കിലോമീറ്റർ വേഗതയിലാണ് ലാൻഡർ പേടകം ഇപ്പോൾ ചന്ദ്രനെ വലംവയ്ക്കുന്നത്.
മണിക്കൂറിൽ 6,000 കിലോമീറ്റർ (1.68 കിമീ/സെക്കൻഡ്) വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തെ പരമാവധി അനുവദനീയമായ പ്രവേഗമായ 3 മീറ്റർ / സെക്കൻഡിൽ എത്തിക്കുമ്പോഴാണ് സോഫ്റ്റ് ലാൻഡിങ് സാധ്യമാകുക. ഭൂമിയിൽ നിന്ന് സഹായമില്ലാതെ ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട അതി നിർണായകമായ നാല് ഘട്ടങ്ങളാണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയക്കുള്ളത്.
ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ മുകളിൽ നിന്നാണ് റഫ് ബ്രേക്കിങ്ങിനായുള്ള ഒരുക്കം. ഈ സമയം ചന്ദ്രോപരിതലത്തിന് തിരശ്ചീനമായാണ്( ഹൊറിസോണ്ടൽ ) ലാൻഡർ പേടകം നിൽക്കുന്നത്. ലാൻഡർ പേടകത്തിലെ നാല് ലിക്വിഡ് പ്രൊപ്പൽഷൻ എൻജിനുകൾ പ്രവർത്തിപ്പിച്ചാണ് വേഗത കുറയ്ക്കുക. ലാൻഡറിന്റെ നാല് കാലുകളുള്ള ഭാഗം അടിയിൽ വരുന്ന രീതിയിൽ പേടകം തിരിഞ്ഞു വരണം. അതുകൊണ്ട് നേരെ കുത്തനെയുള്ള ഇറക്കമല്ല, അല്പം ചെരിഞ്ഞാണ് പേടകം ചന്ദ്രനിലേക്കുള്ള ഇറക്കം തുടങ്ങുക.
റഫ് ബ്രേക്കിങ് പ്രക്രിയയുടെ തുടക്കത്തിൽ പേടകത്തിന്റെ തിരശ്ചീന പ്രവേഗം 1.68 കിലോ മീറ്റർ / സെക്കൻഡാണ്. ഈ ഘട്ടത്തിൽ പേടകത്തിന്റെ ലംബമായ പ്രവേഗം പൂജ്യമാണ് (ആതായത് പേടകം തിരശ്ചീനമായി മാത്രം സഞ്ചരിക്കുന്നു). റഫ് ബ്രേക്കിങ് അവസാനിക്കുമ്പോൾ പ്രവേഗം സെക്കൻഡിൽ 358 മീറ്ററായി കുറയും. 61 മീറ്റര്‍/ സെക്കന്‍ഡാണ് (220കിലോമീറ്റര്‍/മണിക്കൂര്‍) ഈ ഘട്ടത്തില്‍ ലംബമായ പ്രവേഗം. അപ്പോഴേക്കും ലാൻഡർ ചന്ദ്രോപരിതലത്തിന് 7. 4 കിലോമീറ്റർ അടുത്തെത്തും. ഇതിനിടയിൽ പേടകം 713.5 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
വീണ്ടും വേഗത കുറക്കുന്ന ഘട്ടം. അതിനായി എൻജിനുകൾ സ്വയം ക്രമീകരണമേർപ്പെടുത്തും. പേടകത്തിന്റെ തിരശ്ചീനമായ വേഗത സെക്കൻഡിൽ 358 ൽ നിന്ന് 336 മീറ്ററായി ചുരുങ്ങും. ലംബമായ വേഗത സെക്കന്റിൽ 59 മീറ്ററായും കുറയും. പത്തു സെക്കൻഡ് മാത്രമാണ് ഈ ഘട്ടം നീളുന്നത് . ഈ ഘട്ടം അവസാനിക്കുമ്പോൾ ലാൻഡർ ലാൻഡിങ് സൈറ്റിന്റെ 6 . 8 കിലോമീറ്റർ ഉയരത്തിൽ സ്ഥാനം പിടിക്കും. തിരശ്ചീനമായി നിൽക്കുന്ന പേടകം അല്പം ചെരിയും. 10 സെക്കൻഡിനിടെ 3.48 കിലോമീറ്റർ ദൂരം പേടകം സഞ്ചരിക്കും.
സോഫ്റ്റ് ലാൻഡിങ്ങിലെ അതി നിർണായക ഘട്ടമാണിത് . ഈ ഘട്ടം കഴിയുമ്പോൾ പേടകം ലാൻഡിങ് സൈറ്റിൽ കാലൂന്നാൻ പാകത്തിൽ പൂർണമായും ലംബമാകും ( വെർട്ടിക്കൽ ). ഇപ്പോൾ ലാൻഡറിലെ സോളാർ പാനലുകൾ സൂര്യപ്രകാശം കൃത്യമായി പതിയുന്ന തരത്തിലായി കഴിഞ്ഞു. 175 സെക്കൻഡ് നീളുന്നതാണ് ഫൈൻ ബ്രേക്കിങ് ഘട്ടം. ഫൈൻ ബ്രെക്കിങ് ഘട്ടത്തിൽ 28 . 52 കിലോമീറ്ററാണ് പേടകം ആകെ സഞ്ചരിക്കുക. ഈ ഘട്ടം അവസാനിക്കുമ്പോൾ പേടകം ചന്ദ്രന്റെ ഇപരിതലത്തിൽ നിന്ന് 800- 1,300 മീറ്റർ ഉയരത്തിലാകും. കുത്തനെ നിൽക്കുന്ന പേടകം 12 സെക്കൻഡ് നേരം നിശ്ചലമാകും. ഈ നിലയിൽ നിന്നാണ് പേടകത്തിന്റെ താഴോട്ടുള്ള ഇറക്കം തുടങ്ങുക.
മുൻ നിശ്ചയിച്ച ഇടം അനുയോജ്യമല്ലെങ്കിൽ ലാൻഡിങ് സൈറ്റ് മാറ്റാൻ സ്വയം തീരുമാനമെടുക്കാൻ ലാൻഡറിലെ സെൻസറുകൾ സഹായിക്കും. ചന്ദ്രോപരിതലത്തിന് 150 മീറ്റർ ഉയരത്തിൽ വെച്ച് ഈ തീരുമാനമെടുക്കാം. അടുത്ത ലാൻഡിങ് സൈറ്റ് തിരയാനായി തിരശ്ചീനമായി ലാൻഡറിന് സഞ്ചരിക്കാൻ സാധിക്കും. 150 മീറ്റർ മുകളിൽ നിന്ന് താഴേക്ക് പതിയെ ഇറങ്ങി ചന്ദ്രോപരിതലം തൊടാം.
ബുധനാഴ്ച വൈകിട്ട് 5.45 നും 6 .04 നും ഇടയിലുള്ള സമയമാണ് ഐഎസ്ആർഒ നിശ്ചയിച്ചിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് വിൻഡോ. പേടകം ചന്ദ്രോപരിതലം തൊട്ടാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന റോവറിൽ നിന്ന് സന്ദേശം ബെംഗളുരുവിലെ ഐ എസ് ആർ ഓ യുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് സെന്ററിലെത്തിയാൽ ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ വിജയമെന്ന് പറയാം. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് സാധ്യമായ രാജ്യങ്ങളുടെ പട്ടികയിൽ നാലാമതായി ഇന്ത്യ ഇടം പിടിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല