1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2023

സ്വന്തം ലേഖകൻ: ഇന്ത്യയുടെ സ്ഥാന നിര്‍ണയ/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എന്‍വിഎസ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്റിലായിരുന്നു വിക്ഷേപണം. 251 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോ സിങ്ക്രണസ് ട്രാന്‍സ്പര്‍ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചത്.

കൂടുതല്‍ ഭാരമേറിയ വിക്ഷേപണങ്ങള്‍ നടത്താനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ടെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക. കൂടുതല്‍ മെച്ചപ്പെട്ട ഗതിനിര്‍ണയ, സ്ഥാനനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ എന്‍വിഎസ് പരമ്പര ഉപഗ്രഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ചില മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ നാവിക് സേവനങ്ങള്‍ ലഭ്യമാണ്. പുതിയ എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നതോടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള നാവിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.

ആദ്യ പരമ്പര ഉപഗ്രങ്ങളില്‍ അറ്റോമിക് ക്ലോക്കുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി തദ്ദേശീയമായി നിര്‍മിച്ച അറ്റോമിക് ക്ലോക്ക് ആണ് എന്‍വിഎസ്-1ല്‍ ഉപയോഗിച്ചിട്ടുള്ളത്. കൂടുകല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താവിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനും സമയം കൂടുതല്‍ കൃത്യമായി കണക്കാക്കാനും ഇതിന് സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.