സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പുറത്തിറക്കി; മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന സ്വപ്നയാത്രയുടെ ഉടുപ്പ് വികസിപ്പിച്ചത് തിരുവനന്തപുരത്ത്. 2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഉദ്ദേശിച്ചു രാജ്യം വികസിപ്പിക്കുന്ന ‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു.
ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഇതിനൊപ്പം ക്രൂ മോഡല്‍ കാപ്‌സ്യൂള്‍, ക്രൂ എസ്‌കേപ് മോഡല്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു. സ്യൂട്ട് വികസിപ്പിച്ചത് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലാണ്.
രണ്ടു വര്‍ഷത്തെ ഗവേഷണ ഫലമാണ് സ്യൂട്ടില്‍ 60 മിനിറ്റ് പ്രവര്‍ത്തന ദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടറും ഉണ്ടാകും. ആകെ എണ്ണം 3 എണ്ണത്തില്‍ രണ്ടെണ്ണം വികസിപ്പിച്ചു കഴിഞ്ഞു. ഗഗന്‍യാന്‍ ബഹിരാകാശത്തേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമാണ്. 10000 കോടി രൂപ ചെലവ് വരുന്ന യാത്രയില്‍ മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റിലേക്ക് കുതിക്കുക.
മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല